കുമ്പളയിലെ രാജധാനി ജ്വല്ലറിയിൽ എത്തിയ യുവതി കൈചെയിൻ അടിച്ചുമാറ്റി;യുവതിയുടെ ദൃശ്യങ്ങള്‍ പുറത്ത്
കാസർകോട്: ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ഒരു പവൻ തൂക്കമുള്ള കൈചെയിനുമായി കടന്നു കളഞ്ഞു. കുമ്പളയിലെ രാജധാനി ജ്വല്ലറിയിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബുർഖയിട്ടെത്തിയ യുവതി ജ്വല്ലറിയിലെത്തുകയും ആഭരണങ്ങൾ പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂർ നേരത്തെ പരിശോധനക്കു ശേഷം ക്യാഷ്കൗണ്ടറിലെത്തിയ യുവതി, ആവശ്യമുള്ള ആഭരണങ്ങൾ നോക്കി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വരാമെന്നും പറഞ്ഞാണ് സ്ഥലം വിട്ടത്. രാത്രി ജ്വല്ലറി അടയ്ക്കുന്നതിനു മുമ്പ് ആഭരണങ്ങൾ എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ബുർഖയിട്ടെത്തിയ യുവതി ആഭരണം പരിശോധിക്കുന്നതിൻ്റെയും കൈചെയിൻ കൈക്കലാക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ജ്വല്ലറി ഉടമ ഹമീദ് കുമ്പള പൊലീസിൽ പരാതി നൽകി.