ലൈംഗികാതിക്രമക്കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റുണ്ടായേക്കും
കൊച്ചി: നടിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്തേക്കും.ലൈംഗിക പീഡനക്കേസിൽ സിദ്ദിഖിനെ പ്രതിസന്ധിയിലാക്കുന്ന ശക്തമായ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി ഉന്നയിച്ച ആരോപണങ്ങളും മൊഴികളും സാധൂകരിക്കുന്നതാണെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. പരാതിക്കാരി ബലാത്സംഗം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതുമാണ് പരാതി എന്ന് ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള വാദിച്ചു. 2012ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം.
എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവയ്ക്കുകയാണെന്നും ഇരുവരും മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചു.
സിനിമാ പ്രിവ്യൂ കഴിഞ്ഞ് അച്ഛനമ്മമാർക്കും കൂട്ടുകാരിക്കുമാെപ്പമാണ് സിദ്ദിഖിനെ കാണാൻ ഹോട്ടലിൽ എത്തിയതെന്ന നടിയുടെ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 2016 ജനുവരി 27ന് രാത്രി 12ന് തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ 101 ഡി നമ്പർ മുറിയെടുത്ത സിദ്ദിഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണ്. ഹോട്ടൽ രേഖകൾ ശേഖരിച്ചിട്ടുണ്ട്. സിദ്ദിഖ് ചോറും മീൻകറിയും തൈരും കഴിച്ചതിന്റെ ബില്ലും ഇതിലുൾപ്പെടുന്നു. നടിയുടെ മൊഴിയിൽ ഭക്ഷണത്തിന്റെ കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു.
പീഡനവിവരം യുവതി ഒരു വർഷത്തിന് ശേഷം സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്ത് പൊലീസിന് അനുകൂല മൊഴി നൽകി. മാനസിക സംഘർഷത്തെ തുടർന്ന് കൊച്ചിയിലെ രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സ നടി തേടിയിരുന്നു. ഇവർ രണ്ടുപേരും ഇക്കാര്യം പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തു.
376ാം വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു. 376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. സെക്ഷൻ 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ ലഭിച്ചേക്കാം.