നഗ്നചിത്രങ്ങൾ പകർത്തി വർഷങ്ങളോളം വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ
തൃശൂർ: ആളൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28) പൊലീസ് അറസ്റ് ചെയ്തത്. മൂന്ന് ട്യൂഷൻ സെൻ്ററുകളുടെ ഉടമയാണ് ഇയാൾ. സുഹൃത്തിനോടായിരുന്നു പെൺകുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങൾ ശരത്തിൻ്റെ കൈവശം ഉള്ളതിനാലാണ് പെൺകുട്ടി പരാതി നൽകാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിന് മുമ്പ് ഫോണിൽ നിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. തെളിവുകൾ ശേഖരിക്കാനായി ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി പ്ലസ്സുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായി. എഞ്ചിനീയറിംഗ് പഠനത്തിനായി പോയപ്പോഴാണ് അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞത്. തുടർന്ന് സുഹൃത്തിൻ്റെ സഹായത്തോടെയാണ് പരാതി നൽകിയത്.