ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കാണപ്പെട്ട എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ
കണ്ണൂർ: ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കാണപ്പെട്ട എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയായ ചാലിൽ സ്വദേശി അമ്പലപ്പറമ്പത്ത് ഹൗസിൽ കെ. റുബൈദ (37)യെയാണ് തലശ്ശേരി എസ്.ഐ അഖിലും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് തലശ്ശേരി എ.എസ്.പി. ഷെഹൻഷയുടെ നിർദ്ദേശപ്രകാരമാണ് റുബൈദ താമസിക്കുന്ന ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധനക്കെത്തിയത്. ഫ്രിഡ്ജിനു അകത്തും അടിയിലുമായി സൂക്ഷിച്ച നിലയിൽ 10.5 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. മയക്കുമരുന്നു നിറയ്ക്കുന്നതിനും തൂക്കുന്നതിനുമുള്ള ഉപകരണങ്ങളും 4800 രൂപയും പൊലീസ് കണ്ടെടുത്തു. ഒരു വർഷം മുമ്പ് റുബൈദയുടെ സഹോദരി ഹബീബയുടെ വീട്ടിൽ നിന്നു എക്സൈസ് സംഘം കഞ്ചാവും ബ്രൗൺ ഷുഗറും പിടികൂടിയിരുന്നു.