പതിനേഴുകാരിയെ പിതാവും കാമുകനും പീഡിപ്പിച്ചു; ഇരുവർക്കുമെതിരെ പോക്സോ കേസ്
കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പിതാവിനും കാമുകനും എതിരെയാണ് കേസ്. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനു ഇരയായത്. ഇതേ സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ കാമുകൻ നിതിൻ കുമാറി(21)നെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. 17കാരിയെയും കൂട്ടി പള്ളിക്കരയിലേക്കു പോയ നിതിൻ കുമാർ ഒരു ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്തസ്രാവം ഉണ്ടായി. ആദ്യം കാര്യമാക്കിയില്ലെങ്കിലും രക്തസ്രാവം അമിതമായതോടെ പെൺകുട്ടിയെ കാമുകൻ തന്നെ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് നിതിൻ കുമാറിനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ തന്നെ നേരത്തെ പിതാവ് പീഡിപ്പിച്ചിരുന്നുവെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതു പ്രകാരമാണ് പിതാവിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.