ഉപ്പള പത്വാടിയിലെ ലഹരിവേട്ട: മുഖ്യകണ്ണി മഞ്ചേശ്വരം സ്വദേശിയെന്ന് സൂചന
കാസർകോട് : ഉപ്പള പത്വാടിയിലെ ഇരുനിലവീട്ടിൽനിന്ന് ലഹരി ഉത്പന്നങ്ങൾ പിടിച്ച കേസിൽ മുഖ്യകണ്ണിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ മഞ്ചേശ്വരം സ്വദേശിയാണെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ ഇടപാടുകൾ നടത്തുന്ന സംഘങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ അസ്കർ അലി (26) റിമാൻഡിൽ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. അസ്കർ അലിയുടെ വീട്ടിൽനിന്ന് 3.4 കിലോ എം.ഡി.എം.എ., 96.96 ഗ്രാം കൊക്കെയിൻ, 640 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളികകൾ എന്നിവയാണ് പിടിച്ചത്. എം.ഡി.എം.എ. ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇടപാടുകൾ ആപ്പിലൂടെ
മൊബൈൽ സിഗ്നൽ പിന്തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിന് തടയിടാൻ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഒരു ആപ്പ് വഴിയാണ് ഇടപാടുകാർ തമ്മിൽ വിവരം കൈമാറുന്നത്. ഓഗസ്റ്റ് 30-ന് മേൽപ്പറമ്പിൽനിന്ന് 49.33 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ അബ്ദുൾ റഹിമാനെന്ന ബി.ഇ.രവി (28) ആപ്പ് ഉപയോഗിക്കുന്നതായും വൻ തുകകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇയാൾ പണമയച്ച അക്കൗണ്ടിന്റെ ഫോൺ നമ്പർ അസ്കർ അലിയുടേതായിരുന്നു. അക്കൗണ്ട് മറ്റൊരാളുടെ പേരിലുമാണ്. ഇതോടെ അക്കൗണ്ട് ഉടമയെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഓഗസ്റ്റിൽമാത്രം 17 ലക്ഷത്തോളം രൂപയുടെ ഇടപാടാണ് അസ്കർ അലിയുടെ അക്കൗണ്ടിലൂടെ നടന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓൺലൈൻ പണമിടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. ഈ കേസിലും അസ്കറിനെ കസ്റ്റഡിയിൽ വാങ്ങും.