വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യം തകർക്കും , സെന്‍കുമാര്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും , രണ്ടും കൽപ്പിച്ച് സുഭാഷ് വാസു
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സുഭാഷ് വാസു. ടി.പി സെന്‍കുമാറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിപ്പിക്കുന്നത്. ബി.ഡി.ജെ.എസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് സെന്‍കുമാര്‍ എന്നാണ് സുഭാഷ് വാസു വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം അറിയിച്ചത്.
തങ്ങളാണ് ഔദ്യോഗിക ബി.ഡി.ജെ.എസ് എന്നും സുഭാഷ് വാസു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കില്‍ എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം. കുട്ടനാട് തെരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളി കുടുംബത്തിന്റെ കപട രാഷ്ട്രീയം അവസാനിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി കണ്ടെത്തിയ സ്ഥാനാര്‍ത്ഥികളൊന്നും യോഗ്യരല്ല. എന്‍.ഡി.എയെ വീണ്ടും ചതിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി കുടുംബം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സെന്‍കുമാറിന്റെ പേര് സുഭാഷ് വാസു പ്രഖ്യാപിച്ചത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീടത് ഇത് തന്റെ നിര്‍ദ്ദേശമാണെന്ന് അദ്ദേഹം തിരുത്തി. ഏത് മുന്നണിയുടെ ഭാഗമായാണ് സെന്‍കുമാര്‍ മത്സരിക്കുക എന്ന കാര്യത്തിലും സുഭാഷ് വാസു വ്യക്തത വരുത്തിയില്ലെന്ന് സ്വകാര്യ ന്യൂസ്ചാനൽ റിപ്പോര്‍ട്ട് ചെയ്തു.
10,000 വോട്ടുകള്‍ക്ക് സെന്‍കുമാര്‍ കുട്ടനാട്ടില്‍ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ പ്രഖ്യാപനങ്ങളോട് സെന്‍കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ നിലവില്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വവുമായും എസ്.എന്‍.ഡി.പിയുമായും ഇടഞ്ഞുനില്‍ക്കുകയാണ് സുഭാഷ് വാസു.വെള്ളാപ്പള്ളി നടേശനും തുഷാറും എന്‍.ഡി.എയേയും ഈഴവ സമുദായത്തേയും വഞ്ചിക്കുകയാണെന്ന് സുഭാഷ് വാസു വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുഭാഷ് വാസുവിന്റെ നീക്കം.
സെന്‍കുമാര്‍ പിന്മാറിയില്ലെങ്കില് വോട്ടുകള്‍ ഭിന്നിക്കപ്പെട്ടേക്കാമെന്നാണ് ബി.ജെ.പി ആശങ്കപ്പെടുന്നത്. കുട്ടനാട് എം.എല്‍.എയായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.