ഉപ്പളയിലെ മയക്കുമരുന്ന് വേട്ട; വീടും വാഹനവും സ്വത്തു വകകളും കണ്ടുകെട്ടും. സാമ്പത്തിക ഉറവിടം പുറത്തുകൊണ്ടുവരും
കാസർകോട്: ഉപ്പള, പത്വാടിയിലെ വീട്ടിൽ നിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസിൻ്റെ തുടർ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. മയക്കുമരുന്നു വേട്ടയെക്കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി.
മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്കറലിക്കു വലിയ സാമ്പത്തിക പശ്ചാത്തലമില്ല. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാളെ ഇടനിലക്കാരനാക്കിയാണ് മയക്കുമരുന്നു ഇടപാട് നടത്തിയതെന്നു സംശയിക്കുന്നു. സാമ്പത്തിക സഹായം നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പണം ഇറക്കിയവരെ കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയില്ല-ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അസ്റലിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും വാഹനങ്ങളും കണ്ടുകെട്ടും. പൊലീസിൻ്റെ കൂട്ടായ നീക്കത്തിലൂടെയാണ് ഇത്രയും വലിയ മയക്കുമരുന്നു വേട്ട നടത്തിയതെന്നും ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. മയക്കുമരുന്നു മാഫിയക്കെതിരെയുള്ള പൊലീസ് നടപടികൾക്കു പൊതുജനങ്ങൾ മതിയായ സഹകരണം നൽകണമെന്ന് കൂട്ടിച്ചേർത്തു. പത്വാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 3.400 കിലോഗ്രാം എം.ഡി.എം.എ, 640 ഗ്രാം കഞ്ചാവ്, 96.96ഗ്രാം കൊക്കെയിൻ, 30 ലഹരി ഗുളികകൾ എന്നിവയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ ശ്രമം. അതേസമയം പഴുതകളും വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി പ്രതിയിലേക്ക് എത്തിയ മേൽ ഇൻസ്പെക്ടർ എ സന്തോഷ് കുമാറിന് അഭിനന്ദനങ്ങൾ പ്രവാഹമാണ്. കൂടാതെ മേൽപ്പറമ്പ് മഞ്ചേശ്വരം എസ്.ഐ നിഖിൽ, സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് ഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ (മേൽപ്പറമ്പ്), സിവിൽ പൊലീസ് ഓഫീസർ വന്ദന (മഞ്ചേശ്വരം), എ.എസ്.ഐ മധു(മഞ്ചേശ്വരം), എ.എസ്.ഐ പ്രസാദ് (വിദ്യാനഗർ), സിവിൽ പൊലീസ് ഓഫീസർ ധനേഷ് (മഞ്ചേശ്വരം), എ.എസ്.ഐ സുമേഷ് രാജ്, സിവിൽ പൊലീസ് ഓഫീസർ നിധീഷ് (മഞ്ചേശ്വരം), സിപിഒ പ്രശോബ് (മഞ്ചേശ്വരം), സിവിൽ പൊലീസ് ഓഫീസർ നിധിൻ (മഞ്ചേശ്വരം), എസ്.ഐ സലാം (മഞ്ചേശ്വരം) എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ നിധിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.