ഉപ്പളയിൽ വൻ മയക്കുമരുന്ന് വേട്ട; വീട്ടിൽ സൂക്ഷിച്ച മൂന്നുകിലോയോളം എം.ഡി.എം.എയും കഞ്ചാവും ലഹരിഗുളികളും പിടികൂടി
കാസർകോട്: ഉപ്പള പത്ത്വാടി കൊണ്ടക്കൂരിലെ വൻ മയക്കുമരുന്ന് വേട്ട. വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ച മൂന്നുകിലോയോളം വരുന്ന എംഡിഎംഎയും കഞ്ചാവും ലഹരി മരുന്നുകളും പിടികൂടി. വീട്ടുടമസ്ഥൻ പിടിയിലായി. വീട്ടുടമസ്ഥൻ അസ്കർ അലിയാണ് പിടിയിലായത്. ബേക്കൽ ഡിവൈഎസ്പി വിവി മനോജിൻ്റെ നേതത്വത്തിൽ മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് സംഘം മയക്കുമരുന്ന് വേട്ട നടത്തിയത്. കഴിഞ്ഞ ആഗസ്ത് 30ന് മേൽപറമ്പ് കൈനേത്ത് റോഡിൽ വച്ച് 49.33 ഗ്രാം എംഡിഎംഎയുമായി അബ്ദുൽ റഹീം എന്ന രവിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് വെള്ളിയാഴ്ച ഉപ്പളയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. ഉച്ചയോടെ അസ്കറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടിൽ മയക്ക് മരുന്ന് സൂക്ഷിച്ച വിവരം പുറത്തുവന്നത്. തുടർന്ന് പത്ത്വാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെട്ടികളിൽ സൂക്ഷിച്ച മൂന്നുകിലോയോളം തൂക്കമുള്ള എംഡിഎംഎ കണ്ടെത്തി. ഒരുകിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്നു. ഒരുകിലോയോളം തൂക്കമുള്ള പേസ്റ്റ് രൂപത്തിലുള്ള ലഹരിമരുന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ലഹരിഗുളികകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. എട്ടുവർഷം മുമ്പ് വീട് വാങ്ങിയവർ അടുത്തകാലത്തായി ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നിൽ നിരവധി പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.