കൊൽക്കത്ത: സ്വന്തം ഫോട്ടോയ്ക്ക് പകരം ലഭിച്ചത് നായയുടെ പടമുള്ള വോട്ടർ ഐഡി കാർഡ്. ബംഗാളിലെ മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍ കര്‍മാക്കറുടെ ഐഡി കാർഡിലാണ് അധികാരികൾക്ക് അമളി പിണഞ്ഞത്.
ആദ്യമുണ്ടായിരുന്ന ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താൻ അപേക്ഷിച്ചതായിരുന്നു സുനിൽ. പിന്നാലെ ബുധനാഴ്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. ഓഫീസിലെത്തിയ സുനിൽ കണ്ടതാകട്ടെ തന്റെ ഫോട്ടോയ്ക്ക് പകരം നായയുടെ പടമുള്ള ഐഡി കാർഡും.
കാര്‍ഡ് തരുമ്പോള്‍ ഓഫീസര്‍ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അന്തസിനെ ബാധിക്കുന്ന കാര്യമാണിതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ പരാതി നല്‍കുമെന്നും സുനില്‍ വ്യക്തമാക്കി.
‘ദുലാൽ സ്മൃതി സ്കൂളിലേക്ക് ഇന്നലെയാണ് എന്നെ വിളിപ്പിച്ചത്. അവിടെയുള്ള ഉദ്യോഗസ്ഥൻ വോട്ടർ ഐഡി കാർഡ് ഒപ്പിട്ട് നൽകി. അതിലുള്ള ഫോട്ടോ അയാൾ ശ്രദ്ധിച്ചില്ല. എന്റെ അന്തസിനെ ബാധിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ബ്ലോക് ഡെവലപ്മെന്റ് ഓഫീസർക്ക് പരാതി നൽകും. ഇനി ഇത്തരം സംഭവങ്ങൾ നടക്കരുത്,‘-സുനിൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ രംഗത്തെത്തി. ഇപ്പോള്‍ നല്‍കിയത് അന്തിമ വോട്ടര്‍ ഐഡി അല്ലെന്നും സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും ഓഫീസർ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പ്രതികരിച്ചു.