ന്യൂദൽഹി: രാജ്യ തലസ്ഥാനത്തുണ്ടായ വർഗീയ കലാപത്തിൽ, കലാപകാരികൾ വൃദ്ധരെ പോലും വെറുതെ വിട്ടില്ല. കലാപത്തിൽ മരിച്ചവരിൽ 85കാരിയായ അക്ബരിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് വീട്ടുകാർക്ക് കിട്ടിയത്.
കഴിഞ്ഞ ഇരുപത്തിയഞ്ചിലെ പകൽ. വടക്ക് കിഴക്കൻ ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും ഖജൂരി ഘാസ് ഏറെക്കുറെ ശാന്തമായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി മുഹമ്മദ് സൽമാൻ തിരികെയെത്തിയപ്പോഴേക്കും നാല് നിലയുള്ള വീട് പൂർണ്ണമായും കത്തിനശിച്ചിരുന്നു.
പടർന്ന് പിടിച്ച തീ ജീവനെടുക്കാനെത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ അക്ബരിയക്ക് കഴിഞ്ഞില്ല. വാർധക്യത്തിന്റെ അവശതയിൽ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ വാതിൽപ്പടി വരെ എത്താനെ അവർക്കായുള്ളൂ. തീയണച്ച് ഓടിയെത്തിയ മകൻ മുഹമ്മദ് സയീദ് സൽമാൻ കണ്ടത് അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമാണ്.
സൽമാന്റെ ഭാര്യയും മക്കളും തലനാരിഴക്ക് രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സൽമാനും കുടുംബവും മുപ്പത് വർഷമായി ദില്ലിയിലാണ് സ്ഥിരതാമസം. അമ്മയ്ക്കും ദില്ലി ഏറെ ഇഷ്ടമായിരുന്നു. കലാപകാരികൾ അഗ്നിക്കിരയാക്കിയ വീട് പൂർണ്ണമായും നശിച്ചു. താഴത്തെ നിലയിലുണ്ടായിരുന്ന വസ്ത്ര നിർമ്മാണ യൂണിറ്റും ചാമ്പലായി. ഇനിയെല്ലാം ഒന്നിൽ നിന്ന് തുടങ്ങണം. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നികത്താനാവില്ലല്ലോയെന്നാണ് സല്‍മാന്റെ ചോദ്യം.