കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് കെ എസ് ടി പി (ചന്ദ്രിഗിരി ) റോഡ് തകർന്ന് ഗതാഗതം ദുഷ്കരകമായി മാസങ്ങൾ പിന്നിടുകയാണ്. നേരത്തെ 24 ഓളം ജീവനുകൾ പൊലിഞ്ഞു പോയ ഈറോഡിൽ നിന്നും ഇനിയൊരു മരണവാർത്ത ഉണ്ടാകരുത് എന്ന പ്രാർത്ഥനയിലാണ് ജനങ്ങൾ. കാസർകോട് മുതൽ മേൽപറമ്പ് വരെയുള്ള മൂന്നു കിലോമീറ്റർ ദൂരത്തിൽ 20 മുതൽ 50 സെൻറീമീറ്റർ വ്യാസമുള്ള 42 ഓളം കുഴികളാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ഇത് കാരണം കൊണ്ട് തന്നെ ദിവസവും ഏറ്റവും ചുരുങ്ങിയത് 9 ഓളം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
മേൽപ്പറമ്പിലെ ടയർ വ്യാപാരി പറയുന്നത് ഇങ്ങനെ..
നേരത്തെ ഞങ്ങൾ വൈകുന്നേരം ഏഴുമണിക്ക് കട അടക്കാറുള്ളതാണ്. ഇപ്പോൾ കടയടക്കാൻ ചിന്തിക്കുമ്പോൾ മനസ്സിനുള്ളിൽ വല്ലാത്ത വിങ്ങലാണ്. ഏതു നിമിഷവും അപകടത്തിൽപ്പെടുന്ന കാറുമായി ആരെങ്കിലും ഇവിടെ എത്തും എന്നുള്ള ഒരു തോന്നൽ, അതുകൊണ്ടുതന്നെ കട അടക്കുന്നത് അല്പം വൈകിച്ചിരിക്കുകയാണ് . ഇന്നലെ മാത്രം കുഴിയിൽ വീണ് ഏഴു വാഹനങ്ങളുടെ ടയറുകളാണ് ഈ കടയിൽ നിന്നും മാത്രം മാറ്റിയത് . ടയറുകൾ പഞ്ചറാകുകയല്ല പകരം കുഴിയിൽ വീണ് വിണ്ടുകീറുകയാണ് ചെയ്യുന്നത്. ഇതുവരെ ദുരന്തങ്ങൾ സംഭവിക്കാത്തത് ഭാഗ്യം കൊണ്ട് മാത്രം.
റോഡിലെ മുന്നറിയിപ്പുകൾ ..
നിലവിൽ കുഴികളിൽ മരക്കൊമ്പുകളും പച്ചിലകളും നിറച്ചാണ് പ്രതിരോധം സൃഷ്ടിച്ചിരിക്കുന്നത് . ചില ഇടങ്ങളിൽ പാതി പൊളിഞ്ഞ റിഫ്ലക്ഷൻസ് സിഗ്നലുകൾ വച്ചിട്ടുണ്ട് . ഉദുമയിൽ ഓവുപാലം നവീകരണം പാതിവഴിയിൽ ആയിരിക്കുകയാണ് . രണ്ടുവർഷത്തായി റോഡും ജെസിബി ഉപയോഗിച്ച് മാന്തി പൊളിച്ചു 20 മീറ്ററോളം ഒറ്റവരി പാതയാക്കി മാറ്റിയാണ് ഗതാഗതം സാധ്യമാക്കുന്നത് .രാത്രികാലങ്ങളിൽ ഇതൊക്കെ കണ്ടെത്തി വാഹനം ഓടിക്കുക എന്നുള്ളത് അതീവ ദുഷ്കരം തന്നെ . എതിർ ദിശയിൽ നിന്നും തുടർച്ചയായി വാഹനങ്ങൾ വരുന്നത് കാരണം കുഴി വെട്ടിക്കുക എന്നതും പ്രയാസകരമാണ് .
അറ്റകുറ്റപ്പണി എന്തുകൊണ്ട് വൈകുന്നു ..
റോഡ് അറ്റകുറ്റപ്പണികൾക്കായി കാസർകോട് പൊതുമരാമത്ത് വിഭാഗം രണ്ടു കോടി രൂപയുടെ മൂല്യനിർണ്ണയം നടത്തി രണ്ടു മാസങ്ങൾക്ക് മുമ്പ് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതി നടപ്പിലാക്കാനുള്ള പണം ഇതുവരെ അനുവദിച്ചിട്ടില്ല. കാസർകോട് എംഎൽഎ എൻ എ നെല്ലിനെല്ലിക്കുന്നും ഹോസ്ദുർഗ് എംഎൽഎ കെ. ചന്ദ്രശേഖരൻ നിരന്തരം പൊതുമരാമത്ത് വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇവരുടെ പ്രയത്നങ്ങളും വിഫലമാവുകയാണ്.
ആദ്യം തരാൻ ഉള്ളത് തരൂ എന്നിട്ട് ആവാം സേവനം ..
നേരത്തെ എംഎൽഎമാരുടെ താൽപര്യർത്ഥം കരാറുകാർ സ്വന്തം നിലയിൽ ചില ഇടങ്ങളിലൊക്കെ കുഴി നികത്താൻ സഹകരിക്കുമായിരുന്നെങ്കിൽ കോടിക്കണക്കിന് രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ബില്ലുകൾ മാറാത്ത അമർഷം കാരണം ഇവരുടെ സഹകരണം ലഭിക്കുന്നില്ല. രണ്ടു വർഷങ്ങൾക്കു മുമ്പ് സമാനരീതിയിൽ കുഴികൾ നഗരത്തിൽ രൂപപ്പെട്ടപ്പോൾ ബെർക്കയിലെ ചില കരാറുകാർ എംഎൽഎമാരുടെ അഭ്യർത്ഥന പ്രകാരം സ്വന്തം നിലയ്ക്ക് എം സാൻഡുകൾ ഉപയോഗിച്ച് കുഴികൾ അടച്ച് സഹകരിച്ചിരുന്നതാണ് .
ഇനിയെന്ത്
റോഡുമായി ബന്ധപ്പെട്ട പരാതികൾ ഓരോ ദിവസവും കൂടിവരുന്നത് ഭരണ പ്രതിപക്ഷ ജനപ്രതിനിധികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത് . സർക്കാർ ഫണ്ട് അനുവദിച്ചാൽ മാത്രമേ ഇനി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ . എന്നാൽ ചുവപ്പ് നാടുകളുടെയും പണമില്ലാത്തതിന്റെയും സങ്കട കഥകൾ ജനങ്ങളുടെ മുന്നിൽ പറഞ്ഞു ഇവരും മടുത്തു . നിലവിൽ കെ എസ് ടി പി റോഡിന്റെ നവീകരണം ഒക്ടോബർ മാസം മാത്രം പ്രതീക്ഷിച്ചാൽ മതി . അതും സർക്കാറിന്റെ കയ്യിൽ കാശുണ്ടെങ്കിൽ മാത്രം . അതുവരെ ആരുടെയും ജീവൻ പോയില്ലെങ്കിൽ ഭാഗ്യം .