കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ചിന്നമ്മ (70), എയ്ഞ്ചല (30), ആലീസ് തോമസ് (60) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയ്ക്ക് 7.30 മണിയോടെയായിരുന്നു അപകടം. മലബാർ എക്സ്പ്രസിൽ പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് വന്നതായിരുന്നു ഇവർ. ഇതിനിടയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചത്.വിവരം അറിഞ്ഞ് ഹൊസൂർഗ് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കോട്ടയത്തുനിന്ന് വധുവിനൊപ്പം കള്ളാറിൽ കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് മലബാർ എക്സ്പ്രസിൽ മടങ്ങേണ്ടവരായിരുന്നു ഇവർ . ശനിയാഴ്ച രാവിലെ മലബാർ എക്സ്പ്രസിലാണ് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് എത്തിയത്. ഇവിടെനിന്നു ബസിൽ കള്ളാറിലേക്ക് പോകുകയായിരുന്നു. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനിൽ തിരിയാനുള്ള ഇടമില്ലാത്തതിനാൽ ട്രോളി പാത്തിന് സമീപത്താണ് ബസ് നിർത്തി ആളുകളെ ഇറക്കിയത്. ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടർന്ന് ഇവർ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ വരാൻ പാളം മറി കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലവിളിയും ഒച്ചയും കേട്ടു കൂടെയുണ്ടായിരുന്നവർ ഭയന്നു. ആരൊക്കെയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പകച്ചുനിന്നു. പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്ത് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് എത്തിയ ഹോസ്ദുർഗ് പോലീസ് നടപടിക്രമങ്ങൾക്ക് ആവശ്യമായ അടുത്ത ബന്ധുക്കളെ ഒഴികെ മറ്റെല്ലാവരെയും മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് കയറ്റി വിട്ടു . എയ്ഞ്ചലിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിൽ ലഭിച്ചത് . ചിന്നമ്മയുടെയും ആലിസ് തോമസിന്റെയും മൃതദേഹങ്ങൾ ചിന്നി ചിതറി പോയിരുന്നു . മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമോർട്ടം നടപടിയിലേക്ക് കടന്നിരിക്കുകയാണ് . കാസർകോട് ജില്ലയിൽ അപ്പാടെ ഞെട്ടിച്ച ട്രെയിൻ അപകടമായിരുന്നു ഇന്ന് കാഞ്ഞങ്ങാട് സംഭവിച്ചത് .
കാസർകോട് ജില്ലാ കളക്ടർ ഇൻബശേഖർ കാളിമുത്തു ഐഎഎസ് ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് മുൻ മന്ത്രി ചന്ദ്രശേഖരൻ .കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം സിപിഎം ഏരിയ സെക്രട്ടറി ഹനീഫ് ലോക്കൽ കമ്മിറ്റി അംഗം കരീം വ്യവസായ പ്രമുഖൻ സിറ്റി ഗോൾഡ് കരീം മുന്ന് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ കേളോട്ട് സന്നദ്ധ പ്രവർത്തകരായ മുഹമ്മദ് കുഞ്ഞി തലങ്ങാടി , അഷ്റഫ് എടനീർ കുശാൽനഗർ . സിറാജ് തുടങ്ങി നിരവധി പേർ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കോട്ടയത്തേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തുകയാണ് .