തിരുവനന്തപുരം: ഡ്രൈവര്‍മാര്‍ എട്ടുമണിക്കൂറില്ക്കൂടുതല് ജോലിചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനമായെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിത്തുടങ്ങും. കെ.എസ്.ആര്.ടി.സി. ബസില്‍ മാത്രമല്ല, എല്ലാ വാഹനങ്ങളിലും ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവര്‍മാര്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യാന്‍ പാടില്ല. എന്നാലിത് നടപ്പാക്കാനായില്ല. അവിനാശി അപകടത്തെ തുടര്‍ന്നാണ് എത്രയും വേഗം ഇത് നടപ്പാക്കാന്‍ തീരുമാനിച്ചത്.
നടപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍ക്കു രൂപംനല്കാന് ഉപസമിതിയെ നിയോഗിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, ലേബര്‍ കമ്മിഷണര്‍, റോഡ് സേഫ്റ്റി അതോറിറ്റി ചെയര്മാന് എന്നിവരാണു സമിതിയില്‍.
റോഡ് ഗതാഗതം സുരക്ഷിതമാക്കാന്‍ സേഫ് കേരള തുടങ്ങിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നിയമം പാലിക്കില്ലെന്ന് പൊതുസമൂഹം വാശിപിടിക്കുന്നതുകൊണ്ടാണ് അപകടങ്ങള്‍ തടയാനാവാത്തത്. ജി.പി.എസ്. ഘടിപ്പിക്കുന്നതില്‍ ഇനി സാവകാശം നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.