അന്താരാഷ്ട്ര സ്വർണക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട പ്രധാന പ്രതിയെ ഇന്ത്യക്ക് കൈമാറി
അബൂദാബി: അന്താരാഷ്ട്ര സ്വർണക്കടത്ത് റാക്കറ്റിന്റെ മുഖ്യ നടത്തിപ്പുകാരനെന്ന് ആരോപിച്ച് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച ഇന്ത്യക്കാരനെ യു എ ഇയിൽ നിന്ന് നാടുകടത്തി. രാജസ്ഥാനിലെ സിക്കാർ നിവാസിയായ മുനിയദ് അലി ഖാനെയാണ് ഇന്ത്യയിലെത്തിച്ചത്. തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) പ്രസ്താവനയിൽ പറഞ്ഞു.
ഇയാൾക്കെതിരെ ജയ്പൂരിലെ എൻഐഎ പ്രത്യേക കോടതി സ്റ്റാൻഡിംഗ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2021 മാർച്ചിൽ ഖാനും മറ്റ് 17 പേർക്കുമെതിരെ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തെ തുടർന്നായിരുന്നു വാറണ്ട്.
സഊദി അറേബ്യയിൽ ജോലി ചെയ്തിരുന്ന മുനിയദ് കൂട്ടുപ്രതികളായ സമീർ ഖാൻ, ഐസാസ് ഖാൻ, സുരേന്ദ്ര കുമാർ ദർജി, മുഹമ്മദ് ആരിഫ് എന്നിവരുമായി ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണക്കട്ടികളും ബിസ്ക്കറ്റുകളും കടത്താൻ ഗൂഢാലോചന നടത്തിയതായി എൻ ഐ എ പറഞ്ഞു.
2020 ജൂലൈ 3 ന് ജയ്പൂർ എയർപോർട്ടിൽ വെച്ച് 18.5 കിലോഗ്രാം സ്വർണക്കട്ടികൾ പിടിച്ചെടുത്തത് മുതലാണ് കേസ് ആരംഭിച്ചത്. റിയാദിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ പത്ത് പേരെ ഇന്ത്യൻ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു.