മരുമകളുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കൊടുത്തയച്ചു, പ്രവാസിയെ വഞ്ചിച്ച് സുഹൃത്തുക്കള്‍
കണ്ണൂര്‍: സുഹൃത്തുക്കളെ വിശ്വസിച്ച് മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വര്‍ണം ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ പറ്റിച്ചു.സംഭവത്തില്‍ പരശൂര്‍ സ്വദേശികളായ സുബീഷ്, അമല്‍രാജ് എന്നിവര്‍ക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തത്.
ഇയാളുടെ പരാതിയിലാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുല്‍ റഷീദ് സ്വര്‍ണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയാല്‍ ബന്ധുവിന്റെ കൈയില്‍ സ്വര്‍ണം കൈമാറണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ബന്ധുവിന്റെ കൈയില്‍ സുബീഷ് സ്വര്‍ണം കൊടുത്തില്ല. അബ്ദുല്‍ റഷീദ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല.
പിന്നീട് സ്വര്‍ണം അമല്‍രാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് അബ്ദുല്‍ റഷീദ് സ്വര്‍ണത്തിനായി അമല്‍രാജിനെ ബന്ധപ്പെട്ടപ്പോള്‍ നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വര്‍ണം സുബീഷും അമല്‍രാജും മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കൊലക്കേസില്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അമല്‍രാജെന്ന് പോലീസ് പറഞ്ഞു.