പാചക വാതക ലോറിയിൽ പുക; ബേക്കലിൽ നാട്ടുകാർ പരിഭ്രാന്തരായി
കാസർകോട്: ഓടുന്ന പാചക വാതക ലോറിയിൽ പുക ഉയർന്നത് ബേക്കലിൽ നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ബേക്കൽ പൊലീസ് സ്റ്റേഷൻ്റെ മുന്നിലാണ് സംഭവം. മംഗളൂരുവിൽ നിന്ന് കോഴിക്കോട് ചേളാരിയിലേക്ക് വാതകവുമായി പോവുകയായിരുന്ന ലോറിക്കടിയിൽ നിന്നാണ് പുക ഉയർന്നത്. വാതക ചോർച്ചയാണെന്ന സംശയത്തെ തുടർന്ന് ഡ്രൈവർ ശശി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കാസർകോട് നിന്ന് എത്തിയ ഫയർഫോഴ്സ് ടീമും പൊലീസും ലോറി പരിശോധിച്ചപ്പോഴാണ് ടയറിൻ്റെ ലൈനർ ജാമായി പുക ഉയരുന്നത് കണ്ടത്. ഉടൻ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് പുക നിയന്ത്രണ വിധേയമാക്കി. കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എംകെ രാജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ വിഎൻ വേണുഗോപാൽ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ പിജി ജീവൻ, അനീഷ് മാത്യൂ, ഫയർ വുമൺ അനശ്രീ, അജേഷ്, രാകേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.