മരിച്ചെന്ന് കരുതിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയിൽ
ആലപ്പുഴ: ആള്‍മാറാട്ടവും വിവാഹതട്ടിപ്പും നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരിച്ചെന്ന് കരുതിയെങ്കിലും 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയിലായി. ജാമ്യം നേടി ഒളിവില്‍ പോയ മുതുകുളം തെക്ക് കൊല്ലംമുറിത്തറയില്‍ കോശി ജോണിനെയാണ് (സാജന്-57) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
1995, 1998 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട്, ജാമ്യം നേടിയ പ്രതി മുങ്ങുരയായിരുന്നു. ഇതിനിടെ, ഇയാള്‍ മരിച്ചതായും അഭ്യൂഹമുണ്ടായി.
നേവി ഉദ്യോഗസ്ഥനായിരുന്ന കോശി ജോണ്‍ പിന്നീട് ഈ ജോലി ഉപേക്ഷിച്ചിരുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറിയാണ് പ്രതി താമസിച്ചുവന്നിരുന്നത്. ചേര്‍ത്തല പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കനകക്കുന്ന് ഇന്‍സ്പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രെയ്നില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഏറെക്കാലമായി പിടികിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന് നായരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന് അന്വേഷണസംഘം രൂപവത്കരിച്ചത്. എസ്.ഐ. ധര്‍മരത്നം, എ.എസ്.ഐ. സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.