‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ
കൊച്ചി: ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്പള്ളി കോടതിയിൽ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്ഡി ജില്ലയിലെ ജയിലിലാണ് മൻസൂർ ഉള്ളത്.
മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹെെക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ ഒളിവിൽ ആയിരുന്നു.
2021ൽ ഹെെദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നൽകി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പറയുന്നത്. ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. അയ്യപ്പനും കോശിയും, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മൻസൂർ റഷീദ്.