അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വിരുതൻ അറസ്റ്റിൽ
കണ്ണൂർ: വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ തട്ടിയ വിരുതൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ ജോസഫ് ഡാനിയലി (51)നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ എം.വി ഷിജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ശ്രീകണ്ഠാപുരം, ചെമ്പന്തൊട്ടി സ്വദേശി ജിനീഷ് ജോർജ്ജിന്റെ പരാതിയിലാണ് കേസ്. പരാതിക്കാരൻ്റെ ഭാര്യയ്ക്ക് അമേരിക്കയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് മാർച്ച് മാസം നാലര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സമാന രീതിയിൽ ഇയാൾ ശ്രീകണ്ഠാപുരത്തും പരിസരങ്ങളിലുമായി ആറോളം പേരെ വഞ്ചിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ്, ഉളിക്കൽ, ഇരിട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിലും ജോസഫ് ഡാനിയലിനെതിരെ കേസുള്ളതായും പൊലീസ് വ്യക്തമാക്കി. കോഴിക്കോട്, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലും ഇയാൾക്കെതിരെ വിസ തട്ടിപ്പ് കേസുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇയാൾ കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. തിരുവനന്തപുരത്തെ അതിസമ്പന്ന കുടുംബാംഗമായ ഡാനിയലിന്റെ പിതാവ് റിട്ട. ആർമി ഉദ്യോഗസ്ഥനും മാതാവ് റിട്ട. അധ്യാപികയുമാണ്. ജോസഫ് ഡാനിയലിൻ്റെ വിദ്യാഭ്യാസം സിംഗപ്പൂരിലായിരുന്നു. കോഴിക്കോട് സ്വദേശിനിയെ ആണ് വിവാഹം കഴിച്ചത്. കുറച്ചു കാലം ഭാര്യയുമായി ഗൾഫിലായിരുന്നു. പിന്നീട് വിവാഹ മോചിതനായ ശേഷമാണ് വിസ തട്ടിപ്പിലേക്ക് നീങ്ങിയത്. അന്വേഷണ സംഘത്തിൽ സിപിഒമാരായ സി.വി രജീഷ്, കെ. സജീവൻ എന്നിവരും ഉണ്ടായിരുന്നു.