കാസർകോട്: നഷ്ടപ്പെട്ടെന്ന് പോയ പണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചെട്ടും കുഴിയിലെ മുഹമ്മദിൻറെ കുടുംബം. മൂന്നു ദിവസങ്ങൾക്ക് മുമ്പ് ഈ വീട്ടിൽ നടന്നത് സംഭവബഹുലമായ കാര്യങ്ങളാണ്. 20 വർഷമായി പഴയ സാധനങ്ങൾക്ക് പകരമായി പാത്രങ്ങളും വീട്ടുപകരണങ്ങൾ നൽകുന്ന നാട്ടിൻപുറങ്ങളിലെ ആക്രിക്കച്ചവടക്കാരനാണ് മഞ്ജു. കഴിഞ്ഞദിവസം കാസർകോട് ചട്ടുംകുഴി പ്രദേശത്തേ മത്സ്യവുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മുഹമ്മദിൻറെ വീട്ടിലും മഞ്ജു തന്റെ കച്ചവടമായി എത്തി . മുഹമ്മദിൻറെ ഭാര്യ മകൻറെ പഴയ ജീൻസും മറ്റു വസ്ത്രങ്ങളും നൽകി പകരം ചായ കുടിക്കാനുള്ള ഗ്ലാസ് ആണ് വാങ്ങിച്ചത്. വൈകുന്നേരം മകൻ വീട്ടിലെത്തി പരിശോധിച്ചപ്പോൾ തന്റെ പണം അടങ്ങിയ ജീൻസ് പാൻറ് കാണാനില്ലെന്ന് അറിഞ്ഞതോടെ പരിഭ്രാന്തനായി മാതാവിനോട് സംഭവം തിരക്കി. ഗ്ലാസുകൾക്ക് പകരമായി മകന്റെ പഴയ ജീൻസ് പാന്റും മറ്റു വസ്ത്രങ്ങളും ആക്രിക്കച്ചവടക്കാരൻ നൽകിയ വിവരം പറഞ്ഞപ്പോഴാണ് മകൻ ഞെട്ടിയത് . താൻ രണ്ടുമാസമായി സ്വരുക്കൂട്ടിയ പണവും മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റൊരു പണവും പഴയ പാന്റിലാണ് സൂക്ഷിച്ചിരുന്നതെന്ന് മകൻ മാതാവിനോ അറിയിച്ചു .
ഇതോടെ കുടുംബം ധർമ്മസങ്കടത്തിലായി. ആക്രി കച്ചവടക്കാരന്റെ വ്യക്തിപരമായ ഒരു വിവരം വീട്ടമ്മയ്ക്കോ മറ്റാർക്കും അറിയില്ല . ഇതോടെ മറ്റു മാർഗങ്ങളില്ലാതെ സംഭവം വിശദീകരിച്ച് ഒരു ശബ്ദ സന്ദേശവും ആർക്കെങ്കിലും ഈ ആക്രി കച്ചവടക്കാരനെ തിരിച്ചറിയുകയാണെങ്കിൽ അറിയിക്കണമെന്ന് അപേക്ഷയോ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു . പക്ഷേ ശ്രമങ്ങളെല്ലാം വിഫലമായി പണം നഷ്ടപ്പെട്ടു എന്ന് കരുതിയിരിക്കുമ്പോഴാണ്
മൂന്നാം ദിവസം ആക്രി കച്ചവടക്കാരൻ വീടിൻറെ മുന്നിൽ ഇരുചക്ര വാഹനം ഓടിച്ച് എത്തുന്നത്. പണം സൂക്ഷിച്ചിരുന്ന ആ പഴയ ജീൻസ് പാന്റ് മഞ്ജു മുഹമ്മദിന്റെ കയ്യിൽ നൽകി . പണമടങ്ങിയ ചെറിയ ഒരു പേഴ്സും പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മറ്റൊരു പണവും ഒരു രൂപ പോലും നഷ്ടപ്പെടാത്ത അതിലുണ്ടായിരുന്നു. പ്രതിഫലമായി നല്ലൊരു തുക മഞ്ജുവിന് മുഹമ്മദ് കൈമാറാൻ ശ്രമിച്ചെങ്കിലും ഇത് താങ്കളുടെ പണമാണ് ഇതിൽ എനിക്ക് ഒരു അവകാശവുമില്ല, അതുകൊണ്ട് ഒന്നും സ്വീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു മഞ്ജു കൂപ്പുകൈകളുടെ അവരുടെ മുന്നിൽ നിന്നു . ഒടുവിൽ നിർബന്ധപൂർവ്വം ഒരു ചെറിയ തുക പോക്കറ്റിൽ മുഹമ്മദ് തിരുകി നൽകിയപ്പോൾ ഒന്നും പറയാതെ ചിരിച്ചു നടന്നകന്നു പോയി .
മഞ്ജു പറയുന്നത് ഇങ്ങനെ..
20 വർഷമായി പഴയ സാധനങ്ങൾ എടുത്ത് പാത്രങ്ങൾ വിൽക്കുന്ന വ്യാപാരത്തിലാണ് ഞാൻ ഏർപ്പെട്ടിരിക്കുന്നത്. നേരത്തെ മിക്സിയുമായി ബന്ധപ്പെട്ട കച്ചവടം ചെയ്തിരുന്നെങ്കിലും വലിയ നഷ്ടം വന്നതോടെയാണ് ഈ മേഖല തിരഞ്ഞെടുത്തത്. ഇങ്ങനെ ശേഖരിക്കുന്ന വസ്ത്രങ്ങൾ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്ന ആളുകൾക്ക് ചെറിയ തുകക്ക് കൈമാറുന്നതാണ് പതിവ് .മുഹമ്മദ്ന്റെ വീട്ടിലെ പാന്റുമായി തൻറെ വീട്ടിലെത്തിയിരുന്നെങ്കിലും അതെല്ലാം നേരത്തെ ശേഖരിച്ച് വെച്ചിരുന്ന വസ്തുക്കളോടൊപ്പം കഴുകാനായി മാറ്റിവെച്ചു . ഇന്നലെ ഇത് കഴുകാനായി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. അപ്പോൾ തന്റെ മുഹമ്മദിൻറെ വീട്ടിലെത്തി പണം അടങ്ങിയ ജീൻസ് തിരികെ നൽകുകയായിരുന്നു. പണം കണ്ടപ്പോൾ പരിഭ്രമിച്ചു പോയെന്നും ഇയാൾ കൂട്ടിച്ചേർത്തു. മഞ്ജുവിന് ഭാര്യയെ കൂടാതെ മൂന്നു മക്കളാണ് . കാസർകോട് സീതാകക്കൂടി നായികാപ്പിലാണ് താമസം . ഭൂമിയിൽ അപൂർവമായി കാണുന്ന ഇത്തരം സത്യസന്ധമായ ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് എന്നുള്ളത് അഭിമാനം തന്നെ .