കാഞ്ഞങ്ങാട് : രാത്രി പതിനൊന്നര മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ പോയ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറിൻറെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ഉറങ്ങി തുടങ്ങിയിരുന്നു അജിത് കുമാർ ഫോണെടുത്തപ്പോൾ മറു തലയിൽ ഒരു ദുർഗ എന്ന പെൺകുട്ടി ആ മാമനെ രക്ഷിക്കണേ എന്ന് പറഞ്ഞ് കരയുകയാണ്. തൻറെ സംസാര കേൾവിശേഷയില്ലാത്ത അച്ഛൻ രവി ആചാരിയുടെ ഫോണിലേക്ക് സുഹൃത്തായ സംസാരിക്കാനും കേൾക്കാനും സാധിക്കാത്ത ആൾ വീഡിയോ കോളിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് ആംഗ്യഭാഷയിലൂടെ അറിയിച്ചു. വീഡിയോ കോളിലൂടെ രവിയും ദുർഗയും ആവുന്നത്ര അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേ ട്രാക്കിൽ നിന്നും അയാൾ എണീറ്റില്ല. ഏത് നിമിഷവും ട്രെയിൻ കടന്നു പോകാൻ സാധ്യത ഉള്ളതിനാൽ വീഡിയോ കോൾ അവസാനിപ്പിച്ച് ദുർഗ ഗൂഗിളിൽ തപ്പിയപ്പോൾ ലഭിച്ച പോലീസിന്റെ ഫോണിലേക്ക് വിളിച്ചു . ഫോൺ എടുത്തത് ഹോസ്ദുർഗ് ഇൻസ്പെക്ടർ അജിത് കുമാർ ആയിരുന്നു. വിവരം ചോദിച്ചു മനസ്സിലാക്കിയെങ്കിലും ഇയാൾ ഇരിക്കുന്ന റെയിൽവേ ട്രാക്ക് കൃത്യമായ എവിടെയാണെന്ന് പറയാൻ ദുർഗയ്ക്ക് സാധിച്ചില്ല. ഉടൻതന്നെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ. എസ്. ഐ . ഈ രമേശനോട് സംഭവ സ്ഥലത്ത് എത്താൻ അജിത് കുമാർ ആവശ്യപ്പെട്ടു. സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ഷൈജു മോഹൻ പോലീസ് ഡ്രൈവർ പി രാജേഷ് എന്നിവരോടൊപ്പം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയെങ്കിലും അത്തരത്തിൽ ഒരാളെ അവിടെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ദുർഗയെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോയ ആളുടെ ഫോൺ നമ്പർ സംഘടിപ്പിക്കുകയും സൈബർ സെലിന് കൈമാറുകയും ചെയ്തുതോടൊപ്പം പോലീസ്കാർ ഈ നമ്പറിലേക്ക് വീഡിയോ കോൾ വിളിക്കുകയും ചെയ്തിരുന്നു. വീഡിയോ കോളിൽ മറുതലയിൽ ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ വ്യക്തിയെ ലഭിച്ചങ്കിലും ഫോണിലൂടെയുള്ള പോലീസിന്റെ നിർദ്ദേശം അനുസരിക്കാൻ ഇയാൾ കൂട്ടാക്കാത്ത റെയിൽവേ ട്രാക്കിൽ തുടരുകയായിരുന്നു. വീഡിയോ കോളിൽ അനുയായിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ സൈബർ സെല്ലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി കുശാൽനഗറിലെ റെയിൽവേ ട്രാക്കിലാണ് ഇയാൾ ഉള്ളതെന്ന് പോലീസ് മനസ്സിലാക്കി. തുടർന്ന് കുശാൽനഗറിൽ എത്തിയ പോലീസ് സംഘത്തെ കണ്ടപ്പോൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ മധ്യവയസ്കൻ റെയിൽവേ ട്രാക്കിൽ നിന്നും വലിയ കരിങ്കൽ കഷ്ണങ്ങൾ എടുത്ത് സ്വയം തലകടിച്ചത് കൂടുതൽ ഭീതി സൃഷ്ടിച്ചു. ഇതോടെ പോലീസ് ബലമായി തന്നെ ഇയാളെ റെയിൽവേ ട്രാക്കിൽ നിന്നും നീക്കി. സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് തൊട്ടടുത്ത പാലത്തിലൂടെ മംഗളൂരു ഭാഗത്തേക്ക് ചരക്ക് വണ്ടി കടന്നുപോയത് . എല്ലാം മിനിട്ടുകളുടെ മാത്രം വ്യത്യാസം. അല്പം ഒന്ന് താമസിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇയാളെ ജീവനോടെ കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. മഴ കൊണ്ട് ഇയാൾ നന്നായി നനഞ്ഞതിനാൽ സ്റ്റേഷനിൽ എത്തിച്ച് കുളിപ്പിച്ച് വീണ്ടും സുന്ദരൻ ആക്കി ഇയാളുടെ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോലീസ് എത്തിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയുമായി വീണ്ടും കലഹം ആരംഭിച്ചു. ഭാര്യക്കും സംസാരശേഷി ഇല്ലാത്തതിനാൽ ആംഗ്യഭാഷയിലാണ് രണ്ടുപേരും കലഹിക്കുന്നത്. തുടർന്ന് പോലീസിയാളെ തിരിച്ചു സ്റ്റേഷനിൽ എത്തിക്കുകയും പിറ്റേദിവസം ഇയാളുടെ സഹോദരനെ വിളിച്ചുവരുത്തി വിടുകയായിരുന്നു. ദുർഗയുടെ കൃത്യമായ ഇടപെടലുകളാണ് ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഐപി അജിത് കുമാർ പറഞ്ഞു. ദുർഗയുടെ അമ്മയ്ക്കും സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല .