ബുദാപെസ്റ്റ്: നേഷന്‍സ് ലീഗിനിടെ ഇസ്രായേല്‍ ഫുട്ബോള്‍ ടീമിനെതിരെ പ്രതിഷേധം. ഇറ്റലിക്കെതിരായ മത്സരത്തിനിടെയാണ് ഒരു കൂട്ടം ഇറ്റാലിയന്‍ ആരാധകര്‍ ഇസ്രായേലിനെതിരെ തിരിഞ്ഞത്. ഇസ്രയേലിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് അമ്പതോളം ഇറ്റാലിയന്‍ ആരാധകര്‍ കറുത്ത വസ്ത്രം ധരിച്ച് പുറം തിരിഞ്ഞിരുന്നു. ‘സ്വാതന്ത്ര്യം’ എന്നെഴുതിയ ഇറ്റാലിയന്‍ പതാകയും തിങ്കളാഴ്ച ഇറ്റലിയന്‍ ആരാധകര്‍ ഉയര്‍ത്തി. ഹമാസുമായുള്ള സംഘര്‍ഷം കാരണം ഇസ്രായേല്‍ തങ്ങളുടെ ഹോം ഗെയിമുകള്‍ ഹംഗറിയിലേക്ക് മാറ്റിയിരുന്നു. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ, ബെല്‍ജിയത്തിനെതിരെ ഇസ്രായേല്‍ 3-1ന് പരാജയപ്പെട്ടിരുന്നു. മത്സരം ബെല്‍ജിയത്തിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.