തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം നാലു മണിക്കൂറിലേറെ നീണ്ടപ്പോള്‍ ബസ് കാത്തു നിന്ന് തളര്‍ന്ന് കുഴഞ്ഞു വീണ യാത്രക്കാരന് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന് (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍ വച്ചാണ് ഇയാള്‍ തളര്‍ന്നു വീണത്.
പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുരേന്ദ്രന്റെ ജീവന് രക്ഷിക്കാനായില്ല. എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ജീവനക്കാരുടെ പക്ഷം. കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിരത്തിയിട്ടായിരുന്നു പ്രതിഷേധം. ഇതേതുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.