കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. എന്തുകൊണ്ട് ഇത്രയും കാലം സർക്കാർ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാരിൻ്റെ മറുപടി. എസ്ഐടിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറാൻ കോടതി നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂർണ റിപ്പോർട്ട് തങ്ങൾ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
തുടർ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങൾ റിപ്പോർട്ടിൻ്റെ ഭാഗമാണെങ്കിൽ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ ഹൈക്കോടതി താര സംഘടനയായ എഎംഎംഎയെ കക്ഷി ചേർത്തു. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയതിലെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും അതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്.