അഡൂര്‍: കഴിഞ്ഞ വര്‍ഷാരംഭത്തില്‍ തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച സംസ്ഥാന ഗവണ്മെന്റിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ മലയോര ഹൈവേയുടെ നിര്‍മ്മാണം എടപ്പറമ്പ് – കോളിച്ചാല്‍ ഭാഗത്ത് പലയിടങ്ങളിലും ഒച്ചിന്റെ വേഗതയിലാണ്. എടപ്പറമ്പ് – പാണ്ടി ഭാഗത്തെ നിലവിലുണ്ടായിരുന്ന ടാര്‍ റോഡ് മുഴുവന്‍ ഇളക്കി മാറ്റിയെങ്കിലും തുടര്‍ന്ന് ഉപരിതലം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ ഇതുവരെയായി സാധിച്ചില്ല. പടുപ്പ്, ശങ്കരംപാടി, കാവുങ്കാല്‍, പള്ളഞ്ചി ഭാഗത്തെ നിലവിലുള്ള മെച്ചപ്പെട്ട ടാര്‍ റോഡ്സും സമാനമായ ഗതിയാണ് ഉണ്ടായത്. എരിഞ്ഞിപ്പുഴ ഭാഗത്തെ വാഹനയാത്രക്കാര്‍ക്ക് കിലോമീറ്ററുകളുടെ യാത്രാലാഭം ഉണ്ടായിരുന്ന പ്രസ്തുത റോഡിലൂടെ നിലവില്‍ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. കോളിച്ചാല്‍-ബന്തടുക്ക ഭാഗത്തെ റോഡ് നിര്‍മ്മാണമാണ് അല്പമെങ്കിലും പുരോഗതിയുള്ളത്.
നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കേണ്ട പൊതുമരാമത്ത് അധികൃതര്‍ റോഡ് പണി നിരീക്ഷിക്കാന്‍ പോലും തയ്യാറല്ല. വനംഭൂമിയിലൂടെ കടന്നുപോവേണ്ട പള്ളഞ്ചി-പാണ്ടി ഭാഗത്തെ 4 കിലോമീറ്ററോളം റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് പൊതുമരാമത്ത് വിഭാഗമാണ്. പൊതുമരാമത്ത് മന്ത്രി ഈയിടെ ജില്ല സന്ദര്‍ശിച്ച അവസരത്തില്‍ വനംവകുപ്പിന്റെ നടപടിയെ കുറ്റപ്പെടുത്തി സംസാരിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. വനംവകുപ്പ് 2019 ജൂലൈ 25ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് വനഭൂമിയിലൂടെ കടന്നുപോവുന്ന മലയോര ഹൈവേയുടെ ഭാഗത്തെ റോഡുകളുടെ നിര്‍മ്മാണ അനുമതി സംസ്ഥാനതലത്തില്‍ ഒറ്റ ഫയലായി സമര്‍പ്പിച്ചാല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ്. പ്രസ്തുത ഉത്തരവ് നിലനില്ക്കുമ്പോള് വനഭൂമിയിലൂടെ കടന്നുപോവുന്ന മലയോര ഹൈവേയുടെ ഭാഗത്തെ അനുമതിക്കായുള്ള അപേക്ഷ വനംവകുപ്പ് പരിഗണിക്കുകപോലും ചെയ്തില്ല. റോഡ് നിര്‍മ്മാണത്തിലും വനംഭൂമി വിട്ടുകിട്ടുന്നതിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും, പള്ളഞ്ചി-പാണ്ടി റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ദേലംപാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാർച്ച് പത്തിന് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാസര്‍കോട്ടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും.