കാസർകോട്: കീഴൂർ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയിൽ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മനാട്, കല്ലുവളപ്പിലെ മുഹമ്മദ് റിയാസിൻ്റെ മൃതദേഹമാണ് തൃശൂർ, ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. 10 ദിവസങ്ങളാ തീർച്ചയായും നടത്തുന്ന തിരച്ചിലിനൊടുവിലാണ് ചാവക്കാട് കടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തുന്നത് . അപകടത്തിൽപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന ട്രാക്ക്സ്യൂട്ടും മൊബൈൽഫോണും സിമ്മും തിരിച്ചറിഞ്ഞാണ് മൃതദേഹം റിയാസിൻ്റേതാണെന്ന് ഉറപ്പാക്കിയത്. ആഗസ്ത് 31ന് പുലർച്ചെ 5.30 മണിയോടെയാണ് മുഹമ്മദ് റിയാസ് അപകടത്തിൽപ്പെട്ടത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നു. അതിനു ശേഷം റിയാസിനെ കണ്ടെത്താൻ പൊലീസും ഫയർഫോഴ്സും തീരദേശ പൊലീസും നേവിയിലെ മുങ്ങൽ വിദഗ്ധരും കീഴൂരിലെത്തി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും കീഴൂരിലെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ബന്ധുക്കൾ തൃശൂരിലെത്തിയിട്ടുണ്ട്. ഇന്ന് രാത്രി എട്ടുമണിയോടെ എങ്കിലും മൃതദേഹം നാട്ടിലെത്തും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . കബറടക്കം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത് .
മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തും