സർക്കാർ സ്കൂളിലെ മെഡിക്കൽ ക്യാംപിൽ ലൈംഗീകാതിക്രമം; 28 കാരനായ ഡോക്ടർ അറസ്റ്റിൽ
ചെന്നൈ: സർക്കാർ സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. തിരുപ്പത്തൂർ സ്വദേശി ഡോ. ശരവണ മൂർത്തി (28)യെ ആണ് പൊലീസ് പിടികൂടിയത്. 12 പെൺകുട്ടികളുടെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്. തമിഴ്നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൌണ്ടേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിനിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പത്തിലേറെ പെൺകുട്ടികൾ വെളിപ്പെടുത്തി. ആറിനും പത്തിനുമിടയിലെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് പരാതിപ്പെട്ടത്. ഇതിന് പിന്നാലെയാണ് അറസ്റ്റു നടന്നത്. ലൈംഗികാതിക്രമ പരാതികളിൽ വിട്ടുവിഴ്ചയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇഷ ഫൌണ്ടേഷൻ അറിയിച്ചു. തമിഴ്നാട്ടിലെ സ്കൂളുകളിൽ ലൈംഗികാതിക്രമ പരാതികൾ ഉണ്ടോയെന്ന് കുട്ടികൾക്കിടയിൽ പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ കുട്ടികളുമായി സംവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗത്തിനൊടുവിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. സംസ്ഥാനത്തെ പല സ്കൂളുകളിലും ഫൌണ്ടേഷൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചിട്ടുണ്ട്.