മണിപ്പുരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത
ഇംഫാൽ: മണിപ്പുരിൽ വീണ്ടം സംഘർഷം. അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കലാപകാരികൾ ഗ്രാമത്തിൽ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തതെന്നും മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വംശീയ സംഘട്ടനത്തിൻ്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാനത്ത് വംശീയ സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിതി അതീവസംഘർഷഭരിതമാണ്. വെള്ളിയാഴ്ച ബിഷ്ണുപുരിൽ വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ജനക്കൂട്ടം മണിപ്പുർ റൈഫിൾസിൻ്റെ ആസ്ഥാനത്തുനിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും സുരക്ഷാസേന ശ്രമം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.