കാസര്‍കോട്: ദൈനംദിന ജീവിതത്തില്‍ സമൂഹം നേരിടുന്ന ചില അടിയന്തര പ്രശ്നങ്ങള്‍ക്ക് വിദ്യാര്ത്ഥികളില്കൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള എട്ടാം ഹാക്കത്തോണ്‍ പെരിയ പോളി ടെക്നിക്കില്‍ നടക്കുമെന്ന് അധികൃതര്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാനാണ് ഇതുവഴി അവസരം ലഭിക്കുന്നത്. സോഫ്റ്റ്വെയര് ഉപയോഗപ്പെടുത്തിയുള്ളതും അല്ലാത്തതുമായ എല്ലാ സാങ്കേതിക പരിഹാര മാര്‍ഗങ്ങളും ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്. പ്രാഥമിക ഘട്ടമായ ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്തവരില്‍ നിന്ന് ഓരോ വകുപ്പിലെയും പ്രശ്നങ്ങള്‍ക്ക്, മികച്ച പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച 30 ടീമുകളാകും ഓരോ ഹാക്കത്തോണിലും പങ്കെടുക്കുക. വിദ്യാര്‍ത്ഥികളുടെ പ്രശ്ന പരിഹാര കഴിവുകള്‍ ഉപയോഗപ്പെടുത്തി പ്രസ്തുത വകുപ്പുകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഓരോ ഹാക്കത്തോണിലും അതത് വകുപ്പുകളിലെ ആറ് പ്രശ്നങ്ങളായിരിക്കും മുന്നോട്ട് വയ്ക്കുന്നത്. അവയില്‍ ഓരോ ടീമിനും താത്പര്യമുള്ള ഒരു പ്രശ്നം തിരഞ്ഞെടുത്ത് 36 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഹാക്കത്തോണിലൂടെ സാങ്കേതിക പരിഹാരം വികസിപ്പിച്ചെടുക്കുക എന്നുള്ളതാണ് ഹാക്കത്തോണിന്റെ നടപടിക്രമം. 36 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഈ പ്രക്രിയയുടെ കൃത്യമായ ഇടവേളകളില്‍ പരിഹാര മാര്‍ഗ്ഗത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പുരോഗമനം അതത് വകുപ്പുമായി ബന്ധപ്പെട്ട ഒരു വിദഗ്ദ്ധ സമിതി വിലയിരുത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
എല്ലാ ആഴ്ചയിലെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് 10 ഹാക്കത്തോണുകളും സംഘടിപ്പിക്കുക. തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ വ്യാഴാഴ്ച വൈകുന്നേരം ഹാക്കത്തോണ്‍ വേദിയില്‍ ഹാജരാക്കേണ്ടതാണ്. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന ഹാക്കത്തോണ്‍ തുടര്‍ച്ചയായ 36 മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി 8.30നായിരിക്കും അവസാനിക്കുക. അന്നേ ദിവസം തന്നെ അവര്‍ മുന്നോട്ട് വച്ച പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച 15 ടീമുകളെ ഷോര്‍ട്ലിസ്റ്റ് ചെയ്ത് പ്രഖ്യാപിക്കും. ഞായറാഴ്ച നടക്കുന്ന പ്രസന്റേഷനില്‍ ഈ 15 ടീമുകളായിരിക്കും തങ്ങളുടെ സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ 10 പ്രാദേശിക ഹാക്കത്തോണുകളും ഒരു ഗ്രാന്‍ഡ് ഫിനാലെയുമായിരിക്കും സംഘടിപ്പിക്കുക.
പ്രാദേശിക ഹാക്കത്തോണുകളുടെ വിശദമായ ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു:
ഒന്നാം ഹാക്കത്തോണ്‍ – ഫെബ്രുവരി 14 -16, എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പൂജപ്പുര, തിരുവനന്തപുരം
വിഷയം: ആഭ്യന്തരം, ടൂറിസം
രണ്ടാം ഹാക്കത്തോണ്‍ – ഫെബ്രുവരി 21 – 23, എ കെ എന്‍ എം ഗവ. പോളി ടെക്നിക് കോളേജ് തിരൂരങ്ങാടി, മലപ്പുറം
വിഷയം: വിദ്യാഭ്യാസം
മൂന്നാം ഹാക്കത്തോണ്‍ – ഫെബ്രുവരി 21 – 23, എം ദാസന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉള്ളിയേരി, കോഴിക്കോട്
വിഷയം: ഗതാഗതം
നാലാം ഹാക്കത്തോണ്‍ – ഫെബ്രുവരി 28, 29 മാര്‍ച്ച് 1, നൈപുണ്ണ്യ സ്കൂള്‍ ഓഫ് മാനേജ്മന്റ് ചേര്‍ത്തല, ആലപ്പുഴ
വിഷയം: ഭക്ഷ്യ വകുപ്പ്
അഞ്ചാം ഹാക്കത്തോണ്‍ – ഫെബ്രുവരി 28, 29 മാര്‍ച്ച് 1, ഹോളി ഗ്രേസ് അക്കാദമി, മാള, തൃശൂര്‍
വിഷയം: കൃഷി
ആറാം ഹാക്കത്തോണ്‍ – ഫെബ്രുവരി 28, 29 മാര്‍ച്ച് 1, ജവാഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ലക്കിടി, പാലക്കാട്
വിഷയം : ജലം, പരിസ്ഥിതി
ഏഴാം ഹാക്കത്തോണ്‍ – മാര്‍ച്ച് 6 – 8, ഫിസാറ്റ്, അങ്കമാലി
വിഷയം: ആരോഗ്യം, സാമൂഹ്യ നീതി
എട്ടാം ഹാക്കത്തോണ്‍ – മാര്‍ച്ച് 6 – 8, ഗവ പോളി ടെക്നിക് കോളേജ്, പെരിയ, കാസര്‍കോട്
വിഷയം: റവന്യു, ദുരന്ത നിവാരണം
ഒമ്പതാം ഹാക്കത്തോണ്‍ – മാര്‍ച്ച് 13 – 15, ഗവ എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍
വിഷയം: തദ്ദേശ സ്വയംഭരണം
പത്താം ഹാക്കത്തോണ്‍ – മാര്‍ച്ച് 13 – 15, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇടുക്കി
വിഷയം: ഊര്‍ജ്ജം
ഓരോ ഹാക്കത്തോണിലും മികച്ച് നില്ക്കുന്ന മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത്, 30 ടീമുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെ മാര്‍ച്ച് അവസാനം സംഘടിപ്പിക്കും. വിജയികളാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പാരിതോഷികവും അവര്‍ക്ക് നിര്‍ദേശിക്കുന്ന മികച്ച പരിഹാര മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്ന മികച്ച ആശയങ്ങളും പ്രശ്നപരിഹാര മാര്‍ഗങ്ങളും നടപ്പില്‍ വരുത്തുകയും അതുവഴി പ്രശ്നങ്ങള്‍ക്ക് ശാശ്വതവും ഫലപ്രദവുമായ പരിഹാരം കൊണ്ട് വരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ അസാപ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് ടി വി, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ രാഹുല്‍ വി മോഹന്‍, പ്രോഗ്രാം മാനേജര്‍മാരായ സുനീഷ് സി ആര്, പ്രജിത്ത് കെ കെ എന്നിവര്‍ സംബന്ധിച്ചു.