വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്
ഇരിട്ടി(കണ്ണൂര്‍): അങ്ങാടിക്കടവ് ആസ്ഥാനമായ അയ്യന്‍കുന്ന് വനിതാ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി 1.5 കോടി രൂപയോളം വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സൊസൈറ്റി സെക്രട്ടറിയെ അറസ്റ്റുെചയ്തു. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. വിനോയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്ക് അയച്ചു.
രണ്ട് പരാതികളിലാണ് നടപടി. വ്യാജമായി 50,000 രൂപ സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്തതായി കാണിച്ച് സംഘത്തിലെ ഒരംഗം നല്കിയ പരാതിയിലും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തി 1.5 കോടി രൂപയോളം തട്ടിയതായും കാണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നല്കിയ പരാതിയിലുമാണ് കേസ്.
പി.കെ. ലീല നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വെള്ളിയാഴ്ച കരിക്കോട്ടക്കരി സ്റ്റേഷനില്‍ നേരിട്ട് ഹാജരായപ്പോഴാണ് അറസ്റ്റിലായത്.
സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മമിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണച്ചുമതല നല്‍കിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കമ്പിനിരത്ത് പ്രദേശത്തുള്ള നിരവധി പേരുടെ പേരുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് വായ്പത്തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.