ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
കൊല്ലം: പുനലൂരില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേരെ പോലീസ് പിടികൂടി. കുണ്ടറ സ്വദേശി സൂരജ്(34) പവിത്രേശ്വരം സ്വദേശി നിതീഷ്(28) എന്നിവരെയാണ് 146 ഗ്രാം എം.ഡി.എം.എ.യുമായി റൂറല്‍ എസ്.പി.യുടെ ഡാന്‍സാഫ് സംഘവും പുനലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഓണാഘോഷം കൊഴുപ്പിക്കാനായി ജില്ലയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് നേരത്തെ പാലക്കാട് ജില്ലയില്‍ എം.ഡി.എം.എ. കേസില്‍ ഉള്‍പ്പെട്ട സൂരജ് ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഡാന്‍സാഫ് സംഘം ഇയാളെ നിരീക്ഷിക്കുകയും കാര്‍ മാര്‍ഗം ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് കടത്തുന്നതിനിടെ പുനലൂരില്‍വെച്ച് പിടികൂടുകയുമായിരുന്നു.
അതിര്‍ത്തിയായ ആര്യങ്കാവ് മുതല്‍ പ്രതികളുടെ കാറിനെ ഡാന്‍സാഫ് സംഘം പിന്തുടര്ന്നു. ഡാന്‍സാഫ് സംഘം അറിയിച്ചതനുസരിച്ച് പുനലൂര്‍ പോലീസ് പുനലൂര്‍ ടി.ബി. ജങ്ഷനില്‍വെച്ച് കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, നിര്‍ത്താതെ മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊല്ലം റൂറല്‍ പോലീസ് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ.മാരായ ജ്യോതിഷ് ചിറവൂര്‍, ബിജുഹക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജുമോന്, ദിലീപ്, അഭിലാഷ്, വിപിന്‍ ക്ലീറ്റസ് എന്നിവരും പുനലൂര്‍ എസ്.ഐ. അനീഷും ഹൈവേ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.