ഉപഭോക്താക്കളെ വലയ്ക്കുന്നു; കുമ്പളയിലെ ഗ്യാസ് ഏജൻസി ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു
കാസർകോട്: ഓഫീസിന് മുന്നിൽ ക്യൂ നിൽക്കുന്നവർക്ക് ഗ്യാസ് സിലിണ്ടർ നൽകാതെ തിരിച്ചയക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കുമ്പളയിലെ ഗ്യാസ് ഏജൻസി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചു. ലോറി സമരത്തിന് ശേഷം ഏജൻസി ഓഫീസിന് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. വീടുകളിൽ നേരിട്ടെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച് ഓഫീസിന് മുന്നിൽ ഉപഭോക്താക്കളെ ക്യൂ നിർത്തിക്കുകയാണ് അധികൃതർ ചെയ്യുന്നത്. ടോക്കൺ പോലും നൽകാതെ വൈകുന്നേരം വരെ വരി നിന്നവരെ പോലും തിരിച്ചയക്കുകയാണ്. ഉപഭോക്താക്കളെ വലയ്ക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കുമ്പള യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് ഉപരോധിച്ചത്. തുടർന്ന് പൊലീസെത്തി ഏജൻസി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ബുക്കുമായി വരുന്നവർക്ക് ടോക്കൺ നൽകാനും അതുപ്രകാരം സിലിണ്ടർ നൽകാനും ധാരണയായി. യൂത്ത് ലീഗ് നേതാക്കളായ അസീസ് കളത്തൂർ, കെഎം അബ്ബാസ്, സിദ്ധീഖ് ദണ്ഡഗോളി, റെഡ് മൊയ്തു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.