മറ്റൊരു കല്യാണത്തിനു ഒരുങ്ങിയ പെൺസുഹൃത്തിനെ കഴുത്തിൽ കയർ മുറുക്കി കൊന്ന കേസ്; യുവാവിനു ജീവപര്യന്തം തടവ്
മറ്റൊരു കല്യാണത്തിനു ഒരുങ്ങിയ പെൺസുഹൃത്തിൻ്റെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ചിക്കമംഗ്ളൂരു സ്വദേശി സന്ദീപ് റാത്തോഡി (28)നെയാണ് മംഗ്ളൂരു സെഷൻസ് കോടതി ശിക്ഷിച്ചത്. ചിക്മംഗ്ളൂരു, അരീക്കര സ്വദേശിനിയായ അഞ്ജനവസിഷ്ഠ (22)യാണ് കൊല്ലപ്പെട്ടത്. 2019 ജൂൺ ഒൻപതിന് മംഗ്ളൂരു, അത്താവറിലെ ഒരു അപ്പാർട്ട്മെൻ്റിലായിരുന്നു കൊലപാതകം. അടുപ്പത്തിലായിരുന്ന ഇരുവരും ഭാര്യാഭർത്താക്കന്മാർ എന്ന നിലയിലാണ് അപ്പാർട്ട്മെൻ്റിൽ താമസം ആരംഭിച്ചത്. പൊലീസിൽ ജോലി ലഭിക്കുന്നതിനു വേണ്ടിയുള്ള പരിശീനത്തിലായിരുന്നു സന്ദീപ്. ഇതിനിടയിൽ വീട്ടുകാർ തൻ്റെ കല്യാണം മറ്റൊരു യുവാവുമായി ഉറപ്പിച്ചുവെന്നും തന്നെ ഒഴിവാക്കണമെന്നും അഞ്ജന വസിഷ്ഠ പറഞ്ഞതാണ് കൊലപാതകത്തിനു ഇടയാക്കിയത്. കൊലപാതകത്തിനു ശേഷം പണവും മറ്റും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പാണ്ഡേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് സന്ദീപാണെന്ന് കണ്ടെത്തി അറസ്റ്റു ചെയ്തത്.