കീഴൂർ ഹാർബറിൽ കാണാതായ റിയാസിനെ കണ്ടെത്താൻ നേവി ടീം തെരച്ചിൽ തുടങ്ങി
കാസർകോട്: മേൽപ്പറമ്പ്, കീഴൂർ മത്സ്യബന്ധന ഹാർബറിൽ കാണാതായ പ്രവാസി യുവാവിനെ കണ്ടെത്താൻ നേവി ടീം തെരച്ചിൽ തുടങ്ങി. ചെമ്മനാട് കല്ലുവളപ്പിൽ സ്വദേശിയായ മുഹമ്മദ് റിയാസിനെ ശനിയാഴ്ചയാണ് കടലിൽ കാണാതായത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നു. ജില്ലാ കലക്ടർ കെ. ഇമ്പശേഖറിന്റെ ആവശ്യപ്രകാരമാണ് നേവിയുടെ സ്കൂബ ടീം വ്യാഴാഴ്ച രാവിലെ കീഴൂരിലെത്തി തെരച്ചിൽ ആരംഭിച്ചത്.അതേ സമയം ഫിഷറീസ് വകുപ്പിൻ്റെ പട്രോളിംഗ് ബോട്ട് രാവിലെ കീഴൂർ അഴിമുഖത്തു നിന്നു തലശ്ശേരി ഭാഗത്തേക്ക് തെരച്ചിൽ ആരംഭിച്ചു. കടലിൻ്റെ ഒഴുക്ക് തെക്കു ഭാഗത്തേക്കാണെന്നു കഴിഞ്ഞ ദിവസം തെരച്ചലിനു എത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാപെ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ബോട്ടു വഴിയുള്ള പട്രോളിംഗ് ആരംഭിച്ചത്. റിയാസിനെ കാണാതായ വിവരം പുറത്തുവന്നതു മുതൽ പൊലീസും ഫയർഫോഴ്സും രംഗത്തുണ്ട്