59കാരനെ ഹണിട്രാപ്പിൽപ്പെടുത്തി നഗ്നചിത്രം എടുത്ത ശേഷം 5 ലക്ഷം രൂപ തട്ടിയെടുത്ത കേസ് ; ഒളിവിൽ കഴിയുകയായിരുന്ന ചെമ്മനാട് സ്വദേശി ഒടുവിൽ പൊലീസിന്റെ വലയിൽ
കാസർകോട്: 59കാരനെ ഹണിട്രാപ്പിൽപ്പെടുത്തി നഗ്നചിത്രം എടുത്ത ശേഷം 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ചെമ്മനാട് സ്വദേശി ഒടുവിൽ പൊലീസ് വലയിൽ കുരുങ്ങി. ചെമ്മനാട്, മുണ്ടാങ്കുളത്തെ സയ്യിദ് റഫീഖി(33)നെയാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കേസിൽ രണ്ടു സ്ത്രീകളടക്കം ഏഴു പേരെ ജനുവരി മാസത്തിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഉദുമ, മാങ്ങാട്, സ്വദേശിയിൽ നിന്നാണ് സംഘം അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. നേരത്തെ അറസ്റ്റിലായ കുറ്റിക്കാട്ടൂരിലെ എം.പി റുബീന (29) പാവപ്പെട്ട വിദ്യാർത്ഥിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ജീവകാരുണ്യ പ്രവർത്തകനായ പരാതിക്കാരനെ ചതിയിൽപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പഠന ആവശ്യത്തിനു ലാപ്ടോപ്പ് വാങ്ങുവാൻ എന്നു പറഞ്ഞ് മംഗ്ളൂരുവിലെ ഹോട്ടലിൽ എത്തിച്ച ശേഷമാണ് ഹണിട്രാപ്പിൽപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. നഗ്നചിത്രം എടുത്ത ശേഷം സംഘാംഗങ്ങളായ മറ്റുള്ളവർക്കൊപ്പം പരാതിക്കാരനെ നീലേശ്വരം, പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ച് സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കൃത്യത്തിനു ഉപയോഗിച്ച കാർ ഓടിച്ചിരുന്നത് റഫീഖ് ആയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി റിമാൻ്റു ചെയ്തു.