മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ചാര ചെന്നായയുടെ ഉപജാതിയും(Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളാണ് നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി (Companian animal) നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.
മനുഷ്യസംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു.15000 വർഷം പഴക്കമുള്ള നായുടെ അസ്ഥികൂടം ജർമ്മനിയിലെ ബൊൺ-ഒബെർകാസ്സെൽ (ഇംഗ്ലീഷിൽ:Bonn-Oberkassel) എന്ന സ്ഥലത്തു നിന്നും കുഴിച്ചെടുക്കുകയുണ്ടായി..ആ അസ്ഥികൂടം ലഭിച്ചത് ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണെന്നത് മനുഷ്യരും നായ്ക്കളും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധത്തെ കാണിക്കുന്നു.
നായ്ക്കൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കും(മനുഷ്യൻ: 20Hz-20kHz). നായ്ക്കളുടെ ചെവി പലദിശകളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തുനിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾവിക്ഷമതയുള്ള നായ്ക്കളുടെ ചെവി ചെന്നായ വർഗക്കാരുടെ പൊലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായ്ക്കൾക്ക് കേൾവിശക്തി കുറവായിരിക്കും.
നായ്ക്കളുടെ മൂക്കിൽ ഒരു തപാൽ സ്റ്റാമ്പിന്റെ അത്രയും സ്ഥലത്ത് ഏകദേശം 50 ലക്ഷം ഘ്രാണസംവേദിനീ കോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നായ്ക്കളെ വളരെ നല്ല മണം പിടിക്കലുകാർ ആക്കുന്നു. നായ്ക്കളിൽ തന്നെ ചില ജനുസ്സുകൾക്ക് മണം പിടിക്കാനുള്ള കഴിവ് മറ്റുള്ള ജനുസ്സുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും ഇത്തരം ജനുസ്സുകളെ സെന്റ് ഹൗൻഡ്(ScentHound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. നായ് ജനുസ്സുകളിൽ വച്ച് ഏറ്റവും കൂടുതൽ ഘ്രാണശക്തി ബ്ലഡ്ഹൗണ്ട്(BloodHound) എന്ന ജനുസ്സിനാണ്.
നായ്ക്കൾക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെയധികം ഊർജ്ജം ഉല്പ്പാദിപ്പിക്കാൻ കഴിയും. ഹൃദയവും ശ്വാസകോശവും നായുടെ ശരീരത്തിനാനുപാതികമായി വലിപ്പം കൂടിയവ ആയതുകൊണ്ടാണിത് സാധിക്കുന്നത്. നായ്ക്കളുടെ രക്തത്തിൽ മനുഷ്യരെ അപേക്ഷിച്ച് ചുവന്ന രക്തകോശങ്ങൾ കൂടുതലാണ്. സാധാരണ ഈ അധികമുള്ള രക്തകോശങ്ങൾ നായുടെ പ്ലീഹയിൽ (spleen) സൂക്ഷിച്ചിരിക്കും. എപ്പോഴാണോ നായ്ക്കൾക്ക് രക്തയോട്ടം കൂട്ടേണ്ട ആവശ്യകതയുണ്ടാകുന്നത് (ഉദാ: ഓട്ടം, മറ്റു നായ്ക്കളുമായി കടിപിടി), അപ്പോൾ ഈ ചുവന്ന രക്താണുക്കൾ രക്തത്തിൽ കലരുന്നു. ഈ സമയത്ത് ഹൃദയവും ശ്വാസകോശവും അവയുടെ പരമാവധി ശക്തിയിലായിരിക്കും പ്രവർത്തിക്കുന്നത് അതിനാൽ നായ്ക്കൾക്ക് കൂടുതൽ വേഗതയും മെയ്വഴക്കവും ലഭിക്കുന്നു. ഈ പ്രക്രിയ നായ്ക്കളുടെ ശരീരത്തിനുള്ളിലെ ചൂട് കൂടാൻ ഇടയാക്കുന്നു. നായുടെ ശരീരത്തിൽ ചൂട് പുറത്തു കളയാൻ സ്വേദഗ്രന്ഥികളില്ലാത്തതു കൊണ്ട് അവക്ക് വളരെ വേഗം വിശ്രമിക്കേണ്ടി വരുന്നു. നായ്ക്കുട്ടികളിൽ ഇത് എപ്പോഴും ദർശിക്കാവുന്നതാണ്, അവ മുതിർന്ന നായ്ക്കളെക്കാൾ കൂടുതൽ സമയം കളികളിൽ മുഴുകുന്നതുകൊണ്ടാണിത്.