കാസർകോട്: കീഴൂർ ഹാർബറിന് സമീപം മീൻപിടുത്തത്തിനിടെ കാണാതായ റിയാസിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. തിരച്ചിലിനായി ഇന്ത്യൻ നേവിയുടെ സ്കൂബ ഡൈവിങ് ടീമിൻ്റെ സഹായം തേടി. കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തും. നേവിയുടെ സ്കൂബ ഡൈവിംഗ് ടീം വ്യാഴാഴ്ച രാവിലെ കാസർകോട് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ ചൂണ്ടയിടുന്നതിനിടെ കാണാതായത്. തുടർന്ന് റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തി വരികയാണ്. മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേയും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അദ്ദേഹം കീഴൂരിൽ എത്തിയത്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിൻ്റെ അഭ്യർത്ഥന പ്രകാരമാണ് മൽപെ തെരച്ചിലിനായി എത്തിയത്. പ്രദേശത്ത് 25 അടി താഴ്ചയുണ്ടെന്നും ആദ്യ ഘട്ട തെരച്ചിലിൽ യുവാവിനെ കണ്ടെത്താനായില്ലെന്നും മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കീഴൂർ, ഹാർബറിൽ ചൂണ്ടയിടാൻ പോയതായിരുന്നു റിയാസ്. പിന്നീട് കാണാതായി. വിദേശത്ത് ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ശനിയാഴ്ച മീൻ പിടിക്കാനെത്തിയ റിയാസ് ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബം അന്വേഷണത്തിനായെത്തിയത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും വാഹനവും കുടുംബം കണ്ടെത്തിയിരുന്നു. അഞ്ച് ദിവസം പിന്നിട്ടതിനാൽ യുവാവിന്റെ കാര്യത്തിൽ വലിയ ആശങ്കയിലാണ് കുടുംബം ,അഞ്ചു ദിവസം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേവിയുടെ സഹായം തേടിയത്. മുഹമ്മദ് റിയാസിനെ കണ്ടെത്താൻ സാധിക്കണമെന്ന് വേദന നിറഞ്ഞ പ്രാർത്ഥനയോടെയാണ് ഒരു നാട് മുഴുവനും .