തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായുള്ള ഒറ്റ കൂടിക്കാഴ്ചയിൽ പി.വി.അൻവർ എംഎൽഎ വഴങ്ങിയെന്ന തോന്നലിന് മണിക്കൂറുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അത്തരം പൊതുബോധത്തെ പൊളിച്ച്, പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ കുരുക്കിൽ ആക്കുന്ന പ്രതികരണങ്ങളാണ് ഇന്ന് അൻവർ നടത്തിയത്. ഒരു സഖാവെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് താന്‍ എന്നു പറയുമ്പോഴും, മുഖ്യമന്ത്രിയുടെ ഓഫിസിനോടും പാര്‍ട്ടി സംവിധാനത്തോടുമുള്ള വിശ്വാസമില്ലായ്മയാണ് അന്‍വറിന്റെ വാക്കുകളില്‍ ഇന്ന് നിഴലിച്ചത്.
പാര്‍ട്ടി പിന്തുണയോടെ എംഎല്‍എ ആയ അന്‍വര്‍, പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ എന്ന നിലയില്‍ തുടങ്ങിവച്ച കൊട്ടാരവിപ്ലവം സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍, പൊതുസമൂഹത്തിനു മുന്നിലേക്കെത്തിയതില്‍ പാര്‍ട്ടിയിൽ അതൃപ്തിയുണ്ട്. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നാണു പല നേതാക്കളുടെയും പ്രതികരണം. മുഖ്യമന്ത്രി നേരിട്ടു ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും കുറിച്ച് പൊതുജനമധ്യത്തില്‍ പരസ്യമായി ഒരു ഭരണപക്ഷ എംഎല്‍എ വിഴുപ്പലക്കുന്ന കാഴ്ച സിപിഎമ്മിന് ഒട്ടും പരിചിതമല്ലെന്നും ഇവര്‍ പറയുന്നു. പൊലീസിനെതിരായ നീക്കം എന്നതിനപ്പുറം പി.വി.അന്‍വറിനു കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും വിലയിരുത്തലുണ്ട്.
മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചു തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും പാര്‍ട്ടി ഓഫിസില്‍നിന്നും പല തവണ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പലതവണ താനും സ്റ്റാഫും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെന്നും പറഞ്ഞ അന്‍വര്‍, ഈ വിഷയം പുറത്തുവരട്ടെ എന്നതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറയുന്നു. അല്ലെങ്കില്‍ ആരംഭത്തില്‍ത്തന്നെ ഇടപെട്ടു പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും തന്റെ വായടപ്പിക്കാന്‍ നീക്കമുണ്ടാകുമെന്നും അന്‍വറിനു ധാരണയുണ്ടായിരുന്നു. വിഷയം പൊതുസമൂഹത്തിനു മുന്നില്‍ എത്തിയെന്ന് ഉറപ്പായതിനുശേഷം മാത്രമാണ് അന്‍വര്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും കാണാന്‍ തുനിഞ്ഞത്.
പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ലക്ഷണക്കണക്കിനു സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണു താൻ പറയുന്നതെന്നും അതിനെ തള്ളിക്കളയാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ലെന്നും പ്രഖ്യാപിച്ച്, കറകളഞ്ഞ സഖാവെന്ന പ്രതിച്ഛായ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമമാണ് അന്‍വറിന്റേത്. ‘വിശ്വസിച്ച് ഏല്പിച്ചവര് മുഖ്യമന്ത്രിയെ ചതിച്ചു’ എന്ന അന്‍വറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കെടുകാര്യസ്ഥതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. പൊലീസ് നിരന്തരം ജനങ്ങളെ വെറുപ്പിക്കുന്ന നടപടികളെടുക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നുമുള്ള അന്‍വറിന്റെ ചോദ്യങ്ങൾ നീളുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയിലേക്കാണെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ലോബിക്കെതിരായ വിപ്ലവമായി തന്റെ പോരാട്ടം മാറുമെന്ന അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ ആരെയെങ്കിലും ലക്ഷ്യം വച്ചുള്ളതാണോ എന്ന സംശയമാണ് ഉയരുന്നത്.