മുംബൈ: കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് പ്രമുഖ സീരിയല്‍ താരം. 16ാം വയസ്സില്‍ തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സീരിയല്‍ അഭിനയിക്കാന്‍ ആരംഭിച്ച കാലത്ത് സൂരജ് എന്നൊരാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും താരം തുറന്നുപറഞ്ഞു. പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രമുഖ സീരിയല്‍ താരം റഷാമി ദേശായി തനിക്ക് നേരിട്ട ചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
”അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോള്‍ അയാള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോള്‍ എന്താണ് പദ്ധതി എന്ന് അയാള്‍ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാള്‍ തിരിച്ചറിഞ്ഞു.
കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു.’ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവസരം മുതലാക്കാനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാള്‍ അയാളായിരുന്നുവെന്ന് റഷാമി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഓഡീഷനാണെന്ന് പറഞ്ഞു വിളിച്ച് വരുത്തിയശേഷം കുടിക്കാന്‍ തന്ന ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും നടി തുറന്ന് പറഞ്ഞു. ”ഓഡീഷനു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാല്‍ അയാളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
അന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാനായിരുന്നു അയാളുടെ ശ്രമം. എനിക്ക് താപര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അതോടെ എങ്ങനെയെങ്കിലും എന്നെ വശീകരിക്കാനായി അയാളുടെ ശ്രമം.
രണ്ടര മണിക്കൂറിനുശേഷമാണ് എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത്. പുറത്തിറങ്ങിയ ഉടന്‍ നടന്ന എല്ലാ കാര്യങ്ങളും ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ പിന്നീട് അയാളെ ഒരു റസ്റ്ററന്റിലേക്ക് വിളിച്ച് വരുത്തി അടിക്കുകയാണുണ്ടായത്. ഇനി എന്നെ ഉപദ്രവിച്ചാല്‍ അയാളെ ഇല്ലാതാക്കുമെന്ന് അമ്മ ഭയപ്പെടുത്തിയെന്നും റഷാമി ദേശായ് അഭിമുഖത്തില്‍ വെളിപ്പെടിത്തി. ഉത്തരന്, ദില്‍ സേ ദില്‍ തക് എന്നീ സീരിയലുകളിലൂടെയാണ് റഷാമി ഹിന്ദി സീരിയല്‍ രംഗത്ത് ചുവടുറപ്പിച്ചത്.