ഓഹരിവ്യാപാരത്തിലൂടെ വന്‍ലാഭം വാഗ്ദാനംചെയ്ത് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ; മൂന്നുപേര്‍ പിടിയില്‍
കൊല്ലം: ഓഹരി വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനംചെയ്ത് ഒരുകോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ കൊല്ലം സിറ്റി സൈബര്‍ പോലീസ് പിടികൂടി.
കോഴിക്കോട് കടലുണ്ടി ചാലിയം റിജുലാസ് വീട്ടില്‍ അബ്ദുല്‍ റാസിക്ക് (39), കോഴിക്കോട് തലക്കുളത്തൂര്‍ നെരവത്ത് ഹൗസില്‍ അഭിനവ് (21), മലപ്പുറം തൂവൂര് തേക്കുന്ന് കൊറ്റങ്ങോടന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും ഇരവിപുരം സ്റ്റേഷനിലെ ഒരു കേസിലുമാണ് പ്രതികള്‍ പിടിയിലായത്.
കൊല്ലം സ്വദേശിയായ നിക്ഷേപകനില്‍നിന്ന് 1,37,99,000 രൂപയാണ് അബ്ദുല്‍ റാസിക്ക് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. ഈ സംഘത്തിലെ ഷംസുദ്ദീനെ നേരത്തേ സൈബര്‍ പോലീസ് പിടികൂടിയിരുന്നു. സ്വര്ണവ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തങ്കശ്ശേരി സ്വദേശിയില്‍നിന്ന് 37,03,270 രൂപയാണ് അഭിനവ് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. ഓഹരി വ്യാപാരത്തിലൂടെ കിട്ടിയ ലാഭമെന്നപേരില് രണ്ടുതവണയായി 25,000 രൂപ തിരികെനല്‍കിയാണ് പ്രതികള്‍ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചത്. മുണ്ടയ്ക്കല്‍ സ്വദേശിക്ക് സമാനരീതിയില്‍ 6.80 ലക്ഷം രൂപ നഷ്ടമായി. നിക്ഷേപിച്ച പണമോ ലാഭവിഹിതമോ ലഭിക്കാതെവന്നപ്പോഴാണ് തട്ടിപ്പു തിരിച്ചറിഞ്ഞ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാക്കിയശേഷം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. തുടര്‍ന്ന് വ്യാജ ലാഭക്കണക്കുകള്‍ കാണിച്ച് വിശ്വാസംനേടി പ്രതികളുടെ പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. ഇപ്രകാരം നിക്ഷേപിക്കുന്ന പണം ഓഹരി വ്യാപാരം നടത്തി ചുരുങ്ങിയ കാലയളവില്‍ വന്‍ ലാഭം നേടിയെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പുനടത്തുന്നത്.
കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ നിയാസ്, നന്ദകുമാര്‍, സി.പി.ഒ. ഹബീബ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ എ.എസ്.ഐ. പ്രതാപന്, എസ്.സി.പി.ഒ. വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.