യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍
ഊട്ടി: യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്, ഇവരുടെ സുഹൃത്ത് എന്നിവര്‍ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന് ഖാന്, സഹോദരന് മുക്താര്‍, മാതാവ് യാസ്മിന്, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 24-നാണ് യാഷിക കൊല്ലപ്പെട്ടത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.
മരണത്തില്‍ ദുരൂഹതയാരോപിച്ച് യാഷികയുടെ ബന്ധുക്കള്‍ കേസ് കൊടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയങ്ങള്‍ പറഞ്ഞിരുന്നു. പുണെയില്‍ നടന്ന ശാസ്ത്രീയപരിശോധനയിലാണ് മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് യാഷികയുടെ ബന്ധുക്കള്‍ ഊട്ടി ജി വണ്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഇമ്രാന്‍ഖാനെയും യാസ്മിനെയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഖാലിഫാണ് സയനൈഡ് എത്തിച്ചുകൊടുത്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 2021-ലാണ് യാഷികയും ഇമ്രാന്‍ഖാനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്.