സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധം; ആരോപണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം
തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുൻ എസ്പി എസ് സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. സുജിത് ദാസിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അൻവർ നേരത്തേ ആരോപിച്ചിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന സമയത്ത് നിരവധി സ്വർണക്കടത്തുകാരെ പിടികൂടിയിരുന്നു. ഇത്തരത്തിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ അളവിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വർണം പൊലീസിന് എങ്ങനെ പിടികൂടാൻ കഴിയുന്നു എന്ന കാര്യവും പരിശോധിക്കും. സുജിത് ദാസിന്റെ കാലത്ത് പിടികൂടിയ സ്വർണക്കടത്ത് കേസുകൾ വീണ്ടും അന്വേഷിക്കുകയും അതിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ തൂക്കവും അളവും ആദ്യഘട്ടത്തിൽ പരിശോധിക്കുകയും ചെയ്യാനാണ് കസ്റ്റംസ് നീക്കം.
അതേസമയം, എസ്പി പദവിയിലിരിക്കെ സുജിത് ദാസ് വ്യാപക അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് നിലമ്പൂർ നഗരസഭ ഇടത് കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ ആരോപിച്ചു. സ്വകാര്യ വ്യക്തികളിൽ നിന്ന് പണപ്പിരിവ് പതിവാക്കിയ എസ്പി, ക്യാമ്പ് ഓഫീസിൽ അനധികൃതമായി ക്രിക്കറ്റ് നെറ്റ്സും പണിതു.
ഇതുൾപ്പെടെയുള്ള അഴിമതികൾക്കെതിരെ നേരത്തേ വിജിലൻസിൽ പരാതി നൽകിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഈ പരാതികൾ അന്വേഷിക്കമമെന്നും ഇസ്മായിൽ ആവശ്യപ്പെട്ടു. പൊലീസ് വാഹനങ്ങളുടെ ദുരുപയോഗം, ഔദ്യോഗിക വാഹനം വീട്ടുകാരുടെയും ബന്ധുക്കളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്ന പരാതിയും സുജിത് ദാസിനെതിരെ ഉയർന്നിട്ടുണ്ട്.