ട്യൂഷൻ അധ്യാപിക ചൂരല്‍ കൊണ്ടടിച്ചു; നാലാം ക്ലാസുകാരിയുടെ കൈവിരല്‍ ചതഞ്ഞു
കാഞ്ഞങ്ങാട്: ചൂരല്‍കൊണ്ടുള്ള അടിയില്‍ ഒൻപതുവയസ്സുകാരിയുടെ കൈവിരല്‍ ചതഞ്ഞു. ട്യൂഷൻ അധ്യാപിക അടിച്ചതാണെന്ന പരാതിയുമായി രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും ഹൊസ്ദുർഗ് പോലിസിലും പരാതി നല്കി.
കാഞ്ഞങ്ങാട് തീരദേശത്തെ യു.പി. സ്കൂളിലെ നാലാംതരത്തില്‍ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷനുപോയി മടങ്ങിവന്ന കുട്ടിയുടെ വലതു പെരുവിരല്‍ ഒടിഞ്ഞിരിക്കുന്നതുകണ്ട് ചോദിച്ചപ്പോള്‍ ടീച്ചർ അടിച്ചതാണെന്ന് പറഞ്ഞു. ഉടൻ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവിരല്‍ ചതഞ്ഞതായി ഡോക്ടർ പരിശോധന റിപ്പോർട്ടിലെഴുതി. കുട്ടിയുടെ പുറത്ത് ചൂരല്‍കൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. ആസ്പത്രി റിപ്പോർട്ട് സഹിതമാണ് മാതാപിതാക്കള്‍ ബാലാവകാശ കമ്മിഷന് പരാതി നല്‍കിയത്. ചൊവ്വാഴ്ച കുട്ടിയുടെ മൊഴിയെടുക്കുമെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ പറഞ്ഞു.