ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആൺ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി. രതീഷാണ് ഭർത്താവ് എന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരായി നിന്നത്.
പ്രസവശേഷം അമ്മയും കുഞ്ഞും ഓഗസ്റ്റ് 31നായിരുന്നു ആശുപത്രി വിട്ടത്. തുടർന്ന് ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കെെമാറി. രാത്രി ഏറെ വെെകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.
കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടിൽ കണ്ടെത്തി. ടോയ്ലെറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് മൃതദേഹം പുറത്തെടുത്ത് ടോയ്ലെറ്റിൽ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പ്രസവ ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും തുടർന്ന് ചേർത്തല പൊലീസിലും വിവരമറിയിച്ചത്. ആശാവർക്കർ ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്ക് നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് യുവതി പറഞ്ഞിരുന്നതായി ആശാവർക്കർ വ്യക്തമാക്കി.