ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവയ ഉള്‍പ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകള്‍ കയറ്റുമതി ചെയ്യുന്നതിനാണ് ഇന്ത്യ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജെനറിക് മരുന്നാണ് പാരസെറ്റാമോള്‍. ഇന്ത്യ പാരസെറ്റാമോള്‍ പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ്.
അതേസമയം ഇന്ത്യയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത ചേരുവകളില്‍ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് 19 വൈറസ് ബാധ കാരണം ചൈനയിലെ ഫാക്ടറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മരുന്നുകളുടെ ഇന്ത്യയിലെ ഇത്പാദനത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.