ന്യൂഡല്‍ഹി :ഡല്‍ഹി കലാപം സംബന്ധിച്ച ഹര്‍ജികള്‍ ഒരു മാസത്തേക്ക് നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഹൈക്കോടതി നടപടികള്‍ ന്യായീകരിക്കാനാകില്ലെന്നും ഹര്‍ജികള്‍ ശരിയായ സമയത്ത് കേള്‍ക്കണമായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഹര്‍ജികള്‍ എല്ലാം വെള്ളിയാഴ്ച്ച കേള്‍ക്കണമെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശം എതിര്‍ത്ത സോളിസിറ്റര്‍ ജനറിലെ സുപ്രീംകോടതി താക്കീത് ചെയ്യുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.
കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദറും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണനയ്ക്കു വന്നപ്പോള്‍ ഹര്‍ഷ് മന്ദര്‍ നടത്തിയ വിദ്വേഷ പ്രസംത്തിന്റെ വിവരങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടര്‍ന്ന് മന്ദറിന്റെ ഹര്‍ജി മാറ്റിവച്ച കോടതി, കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. സീനിയര്‍ അഭിഭാഷകന് കോളിന് ഗൊണ്‍സാല്‍വസാണ് ഇരു ഹര്‍ജികളിലും ഹാജരായത്. ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേസ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് ഏപ്രില്‍ 13ലേക്കാണ് ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചിട്ടുള്ളത്.