ന്യൂഡൽഹി: രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നുവെന്ന് വിമർശനമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്തരം അക്രമങ്ങളെ സർക്കാർ സംവിധാനങ്ങൾ നിശ്ശബ്ദമായി കണ്ടുനിൽക്കുകയാണ്. ബി.ജെ.പി എത്ര ശ്രമിച്ചാലും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ബീഫ് കൈവശംവെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ 72-കാരനെ ചില യുവാക്കൾ ചേർന്ന് മർദിച്ചിരുന്നു. ഹരിയാണയിലും ന്യൂനപക്ഷസമുദായത്തിൽപ്പെട്ട യുവാവിനെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായി. ഈ രണ്ട് സംഭവങ്ങളുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.
‘വിദ്വേഷം ആയുധമാക്കി അധികാരത്തിലേറിയവർ രാജ്യത്തുടനീളം ഭീതിയുടെ വാഴ്ച നടത്തുകയാണ്. ആൾക്കൂട്ടത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന ഇത്തരം വിദ്വേഷസംഘങ്ങൾ നിയമവാഴ്ചയെ വെല്ലുവിളിച്ച് അക്രമങ്ങൾ നടത്തുന്നു. ബി.ജെ.പി. സർക്കാർ നൽകുന്ന സ്വാതന്ത്ര്യമാണ് അവരുടെ ധൈര്യം.
ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിങ്ങൾക്കെതിരെ അക്രമങ്ങൾ തുടരുന്നു. ഇത്തരം അരാജകശക്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിച്ച് നിയമവാഴ്ച നടപ്പാക്കണം. ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കുമെതിരായ ആക്രമണവും ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ഇത് ഒരു രീതിയിലും അംഗീകരിക്കാനാകാത്തതാണ്’, രാഹുൽ എക്സിൽ കുറിച്ചു.