കൊച്ചി: സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന ആരോപണം ഉന്നയിച്ച വനിതാ നേതാവ് സിമി റോസ്ബെല്‍ ജോണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നാണ് സിമിയെ പുറത്താക്കിയത്. മുന്‍ എ.ഐ.സി.സി. അംഗവും മുൻ പി.എസ്.സി. അംഗവുമാണ് സിമി റോസ്ബെല്‍ ജോണ്‍.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനാണ് സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പിയാണ് നടപടിയെടുത്തതെന്നും ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.
സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെ.പി.സി.സി. കുറ്റപ്പെടുത്തി. കെ.പി.സി.സി. ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായ വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ നേരത്തേ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം സിമി ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോൺഗ്രസ് പാർട്ടിയിൽ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചിരുന്നു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. സമയം വരുമ്പോൾ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ പറഞ്ഞിരുന്നു. അതേസമയം തന്റെ വാദങ്ങൾ തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകൾ തന്റെ കയ്യിൽ ഉണ്ടെന്ന് നേരത്തെ സിമി അവകാശപ്പെട്ടിരുന്നു . ഇത് പുറത്ത് വിട്ടാൽ കോൺഗ്രസിന് വലിയ അപമാനം ഉണ്ടാകുമെന്നും ഇവർ സൂചിപ്പിച്ചിരുന്നു സിമി പുറത്തായതോടെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവരുമെന്നാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന സൂചന .