ഇടതുപക്ഷത്തിന് തലവേദനയായി അൻവറിന്റെ ആരോപണങ്ങൾ ,എങ്ങനെ സമീപിച്ചാലും ഇരുതലയുള്ള വാളായി ആരോപണം സർക്കാരിനെ വെട്ടിൽ വീഴ്ത്തും .
തിരുവനന്തപുരം: പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ വെട്ടിലായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് . പാർട്ടി മുന്നറിയിപ്പ് തള്ളിയ അൻവറിന്റെ വെല്ലുവിളിയിൽ തുടരുമ്പോൾ എവിടെയും തൊടാൻ സാധിക്കാതെ സിപിഎം നേതൃത്വം പ്രതിരോധത്തിൽ ആയിരിക്കുകയാണ് . സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് അൻവറിന്റെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ ഉണ്ടായത് . എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും ഓഡിയോ വിവാദത്തിലും അൻവറിനോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും സിപിഎം നേതൃത്വത്തിന് അൻവറിനെ തടയാൻ സാധിക്കുന്നില്ല .ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന്റെ വെല്ലുവിളി മുഖ്യമന്ത്രിക്കും സിപിഎമ്മിനും അസാധാരണമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെയാണ് അതീവ ഗുരുതര ആക്ഷേപങ്ങൾ. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ നേരിട്ട് തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ ഏറ്റുവാങ്ങുന്നത് മന്ത്രി പിണറായി ആണെന്ന് വ്യക്തമാണ്. അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന് സിപിഎം സ്വതന്ത്ര എംഎൽഎ പറയുമ്പോൾ പിണറായിക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയാണ്. എന്നാൽ ഇതുവരെയും വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സിപിഎമ്മോ തയ്യാറായിട്ടില്ല. മന്ത്രിമാരുടെ ഫോണുകൾ ഉൾപ്പെടെ പോലീസ് ചോർത്തിയെന്ന് ആരോപിച്ച അൻവർ താൻ പോലീസിന്റെ ഫോണ് ചോർത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട് .എന്നാൽ ഇതുമായി ബന്ധപ്പെട്ട് അൻവറിനെതിരെ നടപടിയെടുക്കാനും പോലീസിനും സാധിക്കുന്നില്ല അതേസമയം സൈബർ അണികളിൽ വലിയ രീതിയിലുള്ള ആശയകുഴപ്പാണ് സംഭവിച്ചിരിക്കുന്നത് . അൻവറിനെ പിന്തുണച്ചാൽ സർക്കാരിനെ ബാധിക്കും എന്നുള്ളതുകൊണ്ട് എന്തു നിലപാട് സ്വീകരിക്കും എന്നറിയാതെ നട്ടംതിരിയുകയാണ് ഇവർ .